പത്തനംതിട്ട – ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇന്നലെ (26) രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി.
സംസ്ഥാനത്തെ മുഴുവൻ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോൾ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്. കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടർമാരും സ്ത്രീവോട്ടർമാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമായി. വോട്ടർമാർക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് ബൂത്തുകളിൽ വീൽചെയർ, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥർ ബൂത്തുകൾക്ക് സുരക്ഷയേകി.
എട്ട് ജില്ലകളിൽ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. വോട്ടിങ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷൻ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങൾ 20 കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്‌ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്നും അദേഹം പറഞ്ഞു.
പത്തനംതിട്ടയിലെ വോട്ടിംഗ് യന്ത്രങ്ങൾ ഇനി ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമിൽ
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി സീൽ ചെയ്തു. വോട്ടെണ്ണൽ കേന്ദ്രം കൂടിയായ ഈ സ്‌കൂളിലെ സ്ട്രോംഗ് റൂമിൽനിന്നും അടുത്തമാസം ജൂൺ നാലിനേ വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുക്കൂ.1437 ബൂത്തുകളിലും ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും അതത് നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച ശേഷമാണ് രാത്രിയോടെ ചെന്നീർക്കരയിലേക്ക് മാറ്റിയത്. തുടർന്ന് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി അജിത്ത്, ഡെപ്യൂട്ടി കളക്ടർ (തെരഞ്ഞെടുപ്പ്) സി പത്മചന്ദ്രകുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സീൽചെയ്യുകയായിരുന്നു.


