മോഷണക്കുറ്റം ആരോപിച്ച് പൊലീസ് തല്ലിച്ചതച്ചു ; കോടതിയിൽ പൊലീസിനെതിരെ നിയമപോരാട്ടം ; പക്ഷെ വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്

Crime Kollam
Print Friendly, PDF & Email

കൊല്ലം -പറയാതിരിക്കാൻ വയ്യ നമ്മുടെ പോലീസിന്റെ ലീലാ വിലാസങ്ങൾ. മോഷണക്കേസിൽ ആളുമാറി യുവാവിനെ അറസ്റ്റ് ചെയ്തു തല്ലിച്ചതച്ചു റിമാൻഡ് ചെയ്തു. പോലീസിനെതിരെ നിയമനടപടികൾ നടത്തിവന്ന യുവാവിനെ വിധി വരാനിരിക്കെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊലീസിനെതിരേ കോടതിയിൽ കേസ് നടത്തിവന്ന അഞ്ചൽ അഗസ്ത്യക്കോട് രതീഷ്ഭവനിൽ രതീഷിനെ(38)യാണ് വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

2014ൽ അഞ്ചലിലെ ഒരു മെഡിക്കൽ സ്റ്റോറിൽനിന്ന് എട്ടുലക്ഷം രൂപ മോഷണംപോയ സംഭവത്തിൽ രതീഷിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പൊലീസുകാരുടെ വീഴ്‌ച്ചയാണ് രതീഷിന് ജയിലിൽ കഴിയേണ്ടി വരാൻ ഇടയാക്കിയത്. താനല്ല മോഷ്ടിച്ചതെന്ന് രതീഷ് കേണുപറഞ്ഞിട്ടും പൊലീസ് തല്ലിച്ചതച്ച ശേഷം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ രതീഷ് അഞ്ചൽ പൊലീസിനെതിരേ നടത്തിവന്ന കേസിൽ കോടതിവിധി വരാനിരിക്കെയാണ് മരണം. ബസും ഓട്ടോയും ഓടിച്ച് കുടുംബം പുലർത്തിവരികയായിരുന്നു രതീഷ്. ആളുമാറി അറസ്റ്റ് ചെയ്ത പൊലീസ്, കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചിരുന്നെന്ന് രതീഷിന്റെ ഭാര്യ പറഞ്ഞു. പൊലീസിന്റെ ശാരീരിക പീഡനങ്ങളിൽ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായതിന്റെ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നു. സംസ്‌കാരം നടന്നു. രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കൾ: കാർത്തിക്, വൈഗ.

അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയതു 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച നടത്തിയെന്നാരോപിച്ച്, പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയ മർദ്ദനം സഹിക്കാതെ രതീഷ് സെല്ലിൽ തളർന്നു വീണതായി അന്നു വിവരം പുറത്തു വന്നിരുന്നു. തട്ടിക്കൂട്ടിയ തെളിവുകൾ ഹാജരാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാസങ്ങളോളം ജയിലിലും കഴിയേണ്ടിവന്നു.

കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനിൽ കിടന്നു തുരുമ്പെടുത്തു. അപമാനഭാരം കുടുംബത്തെ തളർത്തി. ഭാര്യയും പറക്കമുറ്റാത്ത കുട്ടികളും അനുഭവിച്ചതിനൊന്നിനും കണക്കില്ല. ഇതിനിടെ, 2020 ൽ കാര്യങ്ങൾ മാറിമറിഞ്ഞു. തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസിൽ പിടികൂടിയപ്പോൾ അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണവും അയാൾ വെളിപ്പെടുത്തി. ഇതോടെ രതീഷിനെ കോടതി മോചിപ്പിക്കുകയായിരുന്നു.

അപ്പോഴേക്കും പോലീസിന്റെ തല്ലും, കസ്റ്റഡികാലത്തെ ശാരീരിക പീഡനങ്ങളുമൊക്കെ രതീഷിനെ മാനസികവും ശാരീരികവുമായി തകർത്തിരുന്നു. മോഷണക്കേസിൽ പ്രതിയായ ശേഷം ജീവിക്കാനാവശ്യമായ ജോലിയും കിട്ടിയില്ല. സാമ്പത്തിക നില ആകെ തകർന്നു. കള്ളക്കേസിൽ കുടുക്കിയ പൊലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണവും മറ്റും ചടങ്ങു പോലെ തുടരുന്നുണ്ട്. രതീഷ് കോടതിയിൽ നൽകിയ കേസും തീർപ്പായിട്ടില്ല എന്നിരിക്കെ ജീവനൊടുക്കിയ രതീഷിന്റെ അവസ്ഥ ഇനി ആർക്കൊക്കെ വരാനിരിക്കുന്നു ?

ശരിയായ തെളിവില്ലാതെ അറസ്റ്റ് ചെയ്യുക . അതിനുശേഷം പോലീസ് മെനയുന്ന കഥക്കനുസരിച്ചു തെളിവുണ്ടാക്കുക. അതിനായി ശാരീരിക പീഡനം അടക്കം എല്ലാ മുറയും സ്വീകരിക്കുക. മനുഷ്യന്റെ മുഖം നോക്കി ശരിയും തെറ്റും കണക്കു കൂട്ടിയിരുന്ന പോലീസുകാരായ മനുഷ്യരുടെ കാലം ഏതാണ്ട് കഴിഞ്ഞു. ഇപ്പോൾ കിട്ടുന്നവനെ പ്രതിയാക്കുന്ന കാലമാണ് . കേരളം നമ്പർ 1

Leave a Reply

Your email address will not be published. Required fields are marked *