പന്തളത്തെ കോവിഡ് സെന്ററിൽ എത്തിക്കേണ്ട പെൺകുട്ടിയുമായി പോയത് കോഴഞ്ചേരി വഴി ആറമുളക്ക് : 108 ആംബുലൻസിൽ വെച്ച് പീഡനം നടത്തിയ പ്രതി നൗഫൽ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി

Crime
Print Friendly, PDF & Email

പത്തനംതിട്ട : കോവിഡ് കാലത്തെ വിവാദമായ സംഭവം. പത്തൊൻപതുകാരിയെ ട്രീറ്റ്‌മെന്റ് സെന്റിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ നൗഫൽ(29) ഐ പി സി 366, 376, 354 എന്നീ വകുപ്പുകൾ പ്രകാരവും എസ്ടി/എസ്ടി പിഓഎ ആക്ട് 5എ വകുപ്പ് പ്രകാരവും കുറ്റക്കാരനാണെന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. കേസിൽ നാളെ വിധി പറയും. പ്രതിയുടെ ശിക്ഷയിൻമേൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതി ഭാഗം അഡ്വക്കേറ്റ് എന്നിവർ വിശദമായി വാദം പറഞ്ഞു. പ്രതിക്ക് ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂട്ടർ അഡ്വ. ടീ.ഹരികൃഷ്ണൻ വാദിച്ചു.

2020 സെപ്റ്റംബർ അഞ്ചിനാണ് കേരള മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. പന്തളം സ്വദേശിയായ യുവതിയെ അടുരിലെ ആശുപത്രിയിൽ നിന്നും പന്തളം അർച്ചന ആശുപത്രിയിലെ കോവിഡ് സെന്ററിലേക്ക് കൊണ്ടു പോകും വഴി ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൊണ്ടു പോയി ആംബുലൻസിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

വീട്ടിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചപ്പോൾ വടക്കടത്തുകാവിലുള്ള ബന്ധുവീട്ടിലേക്ക് പെൺകുട്ടി മാറിയിരുന്നു. അവിടെ വച്ച് കോവിഡ് സ്ഥിരീകരിച്ചതോടെ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 108 ആംബുലൻസ് അധികൃതർ ഏർപ്പെടുത്തി. 108 ആംബുലൻസിൽ കരാർ ജീവനക്കാരെയാണ് നിയോഗിക്കുന്നത്. ഒരു ആംബുലൻസിൽ ഡ്രൈവറും ഒരു ആരോഗ്യ പ്രവർത്തകനോ വോളന്റിയറോ ഉണ്ടാകും. പീഡനത്തിന് ഇരയായ പെൺകുട്ടിയെ പന്തളം അർച്ചന ആശുപത്രിയിലെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്കും 42 വയസുള്ള മറ്റൊരു സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും മാറ്റാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. ഇതിൻ പ്രകാരം ഇരുവരെയും നേരത്തേ വന്ന ആംബുലൻസിൽ തന്നെ അയയ്ക്കാൻ തീരുമാനിച്ചു. ഇതിൻ പ്രകാരം യാത്ര പുറപ്പെടാൻ തുടങ്ങുമ്പോഴാണ് ആംബുലൻസിൽ ഇന്ധനമില്ലെന്ന് ഡ്രൈവർക്ക് മനസിലായത്. അയാൾ തന്നെയാണ് നൗഫൽ ഓടിക്കുന്ന ആംബുലൻസ് വിളിച്ചു വരുത്തി രോഗികളെ അതിൽ കയറ്റി വിട്ടത്. ഇതിൽ ഒരു വോളന്റിയർ കൂടി ഉണ്ടാകുമെന്നാണ് ആദ്യത്തെ ആംബുലൻസിന്റെ ഡ്രൈവർ കരുതിയിരുന്നത്. അങ്ങനെയായിരുന്നില്ലെന്ന വിവരം അയാൾ അറിഞ്ഞിരുന്നുമില്ല. ആംബുലൻസ് മാറിയാണ് രോഗികൾ പോയതെന്ന വിവരം ആശുപത്രിയിലെ ആരോഗ്യ വകുപ്പ് അധികൃതരും അറിഞ്ഞില്ല.

പന്തളത്തെ അർച്ചന ആശുപത്രിയിൽ പെൺകുട്ടിയെ ഇറക്കിയ ശേഷം കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിലേക്ക് ഒപ്പമുള്ള സ്ത്രീയെ കൊണ്ടു പോകാനായിരുന്നു നിർദേശം. എന്നാൽ, നൗഫൽ ആകട്ടെ ആദ്യം കോഴഞ്ചേരി ജില്ലാശുപത്രിയിലേക്കാണ് പോയത്.

ഒപ്പമുളള സ്ത്രീയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷം തിരികെ വരുമ്പോൾ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയ ശേഷമാണ് പത്തൊമ്പതുകാരിയെ അതിക്രൂരമായി ബലാൽസംഗം ചെയ്തത്. തുടർന്ന് അവശനിലയിലായ യുവതിയെ പന്തളം അർച്ചന ആശുപത്രിക്ക് മുന്നിൽ ഇറക്കി വിട്ട ശേഷം അടൂരിലേക്ക് പോവുകയായിരുന്നു. പെൺകുട്ടിയുടെ അവശത കണ്ട് അധികൃതർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. ആശുപത്രി അധികൃതർ വിവരം അടൂർ പൊലീസിന് കൈമാറി. എസ്‌ഐ ശ്രീജിത്ത് ജനറൽ ആശുപത്രി കോമ്പൗണ്ടിലെത്തുമ്പോൾ ആംബുലൻസും നൗഫലും അവിടെയുണ്ടായിരുന്നു. കൈയോടെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുമായി തനിക്ക് അടുത്തു പരിചയം ഉണ്ടെന്നാണ് ഇയാൾ പൊലീസിന് കൊടുത്ത മൊഴി.

അടൂർ വടക്കടത്തുകാവിൽ നിന്ന് 42 വയസുള്ള വീട്ടമ്മയും പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി രാത്രി 11.30 നാണ് ആംബുലൻസ് പുറപ്പെട്ടത്. വീട്ടമ്മയ്ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഒപ്പമുള്ള പെൺകുട്ടിക്ക് പന്തളം അർച്ചനാ ആശുപത്രിയിലുമാണ് ചികിൽസാ സൗകര്യം ഒരുക്കിയിരുന്നത്. പന്തളം വഴി ചെന്ന് പെൺകുട്ടിയെ ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാർഗം. എന്നാൽ, നൗഫൽ പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ തുമ്പമൺഇലവുംതിട്ട വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവിടെ നിന്ന് മടങ്ങുമ്പോൾ പുലർച്ചെ ഒരു മണിയായിരുന്നു. ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനം കയറ്റിയ ഇയാൾ ഇറങ്ങി ധരിച്ചിരുന്ന പിപിഇ കിറ്റ് ഊരി മാറ്റിയ ശേഷം പിന്നിലേക്ക് കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിർക്കാനുള്ള ശ്രമമെല്ലാം നിഷ്ഫലമായി. ആളൊഴിഞ്ഞ സ്ഥലത്തെ നിലവിളിയും ആരും കേട്ടില്ല. പീഡനമൊക്കെ കഴിഞ്ഞ് പെൺകുട്ടിയുമായി കിടങ്ങന്നൂർകുളനട വഴി പന്തളത്തെത്തി അർച്ചന ആശുപത്രിയിലെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ഇറക്കി വിട്ട ശേഷം കൂളായി അടൂരിന് പോയി. പെൺകുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫൽ കരുതിയിരുന്നത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

രോഗികളുമായി പോയ വാഹനം തിരികെ വരാൻ വൈകിയതിനെ തുടർന്ന് ആദ്യത്തെ ആംബുലൻസ് ഡ്രൈവറെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മാറിയാണ് പോയതെന്ന് മനസിലായത്. പോകുന്ന വഴി നൗഫൽ പെൺകുട്ടിയെ പരിചയപ്പെടുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. ആസൂത്രിതമായി പീഡിപ്പിച്ച ശേഷം നൗഫൽ പെൺകുട്ടിയെ വിളിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പീഡനം നടന്ന വിവരം അന്വേഷിച്ച പൊലീസ് മറ്റൊരു ഓട്ടത്തിന് പോകാനെന്ന് പറഞ്ഞ് നൗഫലിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. അതിന് മുൻപായി ഇയാൾ പോയ സ്ഥലം ജിപിഎസ് ട്രാക്കിങ് നടത്തുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽ എടുത്തപ്പോൾ നൗഫൽ പറഞ്ഞത് പെൺകുട്ടി പറയുന്നത് മുഴുവൻ കളവാണെന്നും കുട്ടിക്ക് മാനസിക നില ശരിയല്ലെന്നുമായിരുന്നു. ഫോണിൽ വിളിച്ചാണ് പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്തത്. അപ്പോഴാണ് നൗഫൽ മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്ന് പെൺകുട്ടി പറഞ്ഞത്. കായംകുളം പൊലീസ് ചാർജ് ചെയ്ത 2185/19 കേസിലെ പ്രതിയാണ് നൗഫൽ.

Leave a Reply

Your email address will not be published. Required fields are marked *