പന്തളം – തെരുവ് നായ്ക്കളുടെ ശല്യം കാരണം വീട്ടുമുറ്റത്തേക്ക് കുട്ടികളെ വിടാൻ പോലും പേടിയായ ഒരു നാട് . വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുകാരനെയും മുത്തശിയെയും തെരുവുനായ കടിച്ചുപറിച്ചു. മുഖത്ത് കവിളിനു സാരമായി പരുക്കേറ്റ കുട്ടിക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി. കൈപ്പുഴ ശ്രേയസിൽ ചന്ദ്രമണിക്കും (64) മകൻ കെ.വിവേകിന്റെ മകൻ ഋത്വിക്കിനുമാണ് (രണ്ടര) തെരുവ് നായയുടെ കടിയോടെ പരുക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. അടുക്കള മുറ്റത്തു നിൽക്കുമ്പോഴാണു പറമ്പിൽ നിന്നെത്തിയ ഒരു തെരുവുനായ ഋത്വിക്കിനെ ആക്രമിക്കുന്നത്. രക്ഷിക്കാൻ ചെന്നപ്പോൾ വല്യമ്മയായ ചന്ദ്രമണിയെയും ആക്രമിച്ചു. സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു വാക്‌സിനേഷൻ എടുത്ത ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. യാത്രാസൗകര്യം കണക്കിലെടുത്തു ബന്ധുക്കൾ തിരുവല്ലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാലിനു മുറിവുള്ളതായി ശ്രദ്ധയിൽ പെട്ടതോടെ ചന്ദ്രമണിക്കും ഇവിടെ വച്ചു പ്രതിരോധ വാക്‌സിൻ നൽകി. കുട്ടിയുടെ പരുക്ക് ഭേദമാകുന്നതായി ഡോക്ടർമാർ അറിയിച്ചതായി വിവേക് പറഞ്ഞു. വീടിനു വെളിയിൽ ഇറങ്ങാൻ പോലും പേടിക്കേണ്ട അവസ്ഥയായി . ഇതിനൊക്കെ പരിഹാരം ആരും കാണാനില്ല എന്നതാണ് നാട്ടിലെ രാഷ്ട്രീയ` അധികാര അവസ്ഥ . മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് മൃഗങ്ങളെ കൊന്നൊടുക്കുകയല്ലാതെ ജീവിക്കാൻ മനുഷ്യന് മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെയായി . !!


