സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം വിധിച്ച് പോക്‌സോ കോടതി

Crime
Print Friendly, PDF & Email

പത്തനംതിട്ട – പന്ത്രണ്ട് വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് (38) മൂന്നു ജീവപര്യന്തം വിധിച്ച് പോക്‌സോ കോടതി. ജില്ലയുടെ പടിഞ്ഞാറൻ അതിർത്തിയിലുളള പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ചു തന്നെ വിചാരണ ചെയ്ത് ശിക്ഷിക്കുകയായിരുന്നു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് ഡോണി തോമസാണ് ശിക്ഷ വിധിച്ചത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് ജീവപര്യന്തം തടവുശിക്ഷയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഐപിസി നിയമത്തിലെ 377 വകുപ്പു പ്രകാരം 10 വർഷം കഠിന തടവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കണം. അതിന് കഴിയാതിരുന്നാൽ കൂടുതൽ തടവു ശിക്ഷ അനുഭവിക്കണം.

കുട്ടിയുടെ മാതാപിതാക്കൾ നഴ്‌സുമാരാണ്. മാതാവ് വിദേശത്ത് ജോലിക്ക് പോയപ്പോൾ ബംഗളൂരുവിലുള്ള പിതാവ് നാട്ടിൽ വന്ന് കുട്ടിയ്‌ക്കൊപ്പം കഴിയുമ്പോഴാണ് പീഡനം നിരവധി തവണ നടന്നത്. മദ്യലഹരിയിൽ രാത്രി കാലങ്ങളിലായിരുന്നു പീഡനം. ഇളയകുട്ടിയെയും ഇതു പോലെ ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് പീഡിപ്പിച്ചത്. പെൺകുട്ടി അമ്മയോടോ ബന്ധുക്കളോടോ ഈ കാര്യങ്ങൾ പറയാതിരിക്കുവാനായി ഫോൺ കോളുകൾ റെക്കോഡ് ചെയ്തിരുന്നു. പ്രതിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു കുട്ടിയുടെ താമസം. പീഡന വിവരം പ്രതിയുടെ മാതാവിനോട് കുട്ടി പറഞ്ഞെങ്കിലും അവർ ഗൗനിച്ചില്ല. സംശയം തോന്നിയ മാതാവിന്റെ അമ്മ കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവരോടാണ് കുട്ടി ഞെട്ടിക്കുന്ന പീഡന കഥ പറഞ്ഞത്. വിവരം അവിടുത്തെ പോലീസ് സ്‌റ്റേഷനിൽ അറിയിക്കുകയും കേസ് കൃത്യം നടന്ന സ്ഥലത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാതൃൂസ് ഹാജരായി. പ്രതിയെ ബാംഗ്ലൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അതിവേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിൽ, പ്രതി നിരവധി തവണ ജാമ്യത്തിനു ശ്രമിച്ചിരുന്നുവെങ്കിലും പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലിട്ട് വിചാരണ പൂർത്തിയാക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *