ആട്, തേക്ക്, മാഞ്ചിയം, തുടങ്ങി ഇപ്പോൾ ഷെയർ മാർക്കറ്റ് തട്ടിപ്പും ; പത്തനംതിട്ടയിൽ ആറു പേർ അറസ്റ്റിൽ

Crime Pathanamthitta

പത്തനംതിട്ട – ഇനി എത്ര തട്ടിപ്പുകളിൽ വീഴാൻ പത്തനംതിട്ടക്കാരുടെ ജന്മമിനി ബാക്കി… !! ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചാൽ ഇരട്ടി വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടിയെന്ന കോഴഞ്ചേരി സ്വദേശിയുടെ പരാതിയിൽ ആറു പേരെ പത്തനംതിട്ട സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: എല്ലാവരും പണം സ്വീകരിച്ച അക്കൗണ്ട് ഉടമകളാണ്. ഇപ്പോൾ എറണാകുളത്ത് താമസിക്കുന്ന കോഴഞ്ചേരി സ്വദേശിയിൽ നിന്ന് കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ ഫെബ്രുവരി ഏഴു വരെയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയത്.

വയനാട് സുൽത്താൻ ബത്തേരി മാനാട്ട് വീട്ടിൽ സിറാജുദ്ദീൻ (28), പാലക്കാട് കുമ്പിടി ചിറക്കപ്പറമ്പിൽ ഫഡിൽ ആഷിദ് (23),മലപ്പുറം ചേലാമ്പ്ര കോലിപ്പുറത്ത് മുസ്താഖ് (21),പാലക്കാട് കുമ്പിടി വാഴത്തോട്ട് വളപ്പിൽ ആദിത്യ സുരേഷ് (22), പെരിന്തൽമണ്ണ അരക്കാപ്പറമ്പ് തോട്ടത്തൊട്ടിയിൽ വീട്ടിൽ മഹേഷ് (41), മലപ്പുറം കാഞ്ഞിരമുക്ക് ഒന്നിക്കാട്ട് വളപ്പിൽ പ്രജീഷ് (40) എന്നിവരെയാണ് പത്തനംതിട്ട സൈബർ പൊലീസ് ഇൻസ്‌പെക്ടർ ജോബിൻ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പ്രതികൾ ഗൂഢാലോചന നടത്തി ഇന്റർനെറ്റ് മുഖാന്തരം ബന്ധപ്പെട്ട് പരാതിക്കാരനെ ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ നിന്ന് അറസ്റ്റിലായ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം വാങ്ങിയത്.

കഴിഞ്ഞ വർഷം നവംബർ 15 മുതലാണ് ഇവർ പരാതിക്കാരനെ സമിപിച്ച് പ്രലോഭിപ്പിക്കാൻ തുടങ്ങിയത്. അപെക്‌സ് വെൽത്ത് ഗ്രൂപ്പ്, കുറോട്ടോ വെൽത്ത് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്നീ പേരുകളിൽ വാട്‌സാപ്പ് വഴി വിവിധ ഫോൺ നമ്പരുകൾ ഉപയോഗിച്ച് പരാതി്ക്കാരനെ ബന്ധപ്പെട്ടിരുന്നത്.

പരാതിക്കാരന്റെ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലും ഭാര്യയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലും നിന്നുമാണ് പണം തട്ടിയത്. പല പ്രാവശ്യമായി 3,45,11,574 രൂപ (മൂന്നു കോടി നാൽപത്തിയഞ്ച് ലക്ഷത്തി പതിനൊന്നായിരത്തി അഞ്ഞൂറ്റിയെഴുപത്തിനാല്) രൂപയാണ് വാങ്ങിയത്.

താൻ പണം നിക്ഷേപിച്ച അക്കൗണ്ട് നമ്പരുകൾ പരാതിക്കാരൻ പൊലീസിന് കൈമാറിയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പണം സ്വീകരിച്ച അക്കൗണ്ട് ഉടമകളാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. ഇതിന് പിന്നിൽ വലിയ സംഘം പ്രവർത്തിച്ചിരുന്നുവെന്നാണ് കരുതുന്നത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *