കുമ്പനാട്: നെല്ലിമല കൊച്ചാലുമൂടിന് സമീപം തരിശു കിടന്ന ആറങ്ങാട്ട് പാടത്ത് ഉണ്ടായ തീ പിടുത്തം വൻ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. സമീപത്തെ താമസക്കാരനായ സക്കറിയാ ജോർജാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തമാണ് ഒഴിവായത്. കൊടും വെനലിൽ അദ്യം ചെറിയ രീതിയിൽ പുകഞ്ഞ് തുടങ്ങിയ തീ പിന്നീട് കാറ്റ് അടിച്ചതോടെ ആളി പടരാൻ തുടങ്ങി. ഇദ്ദേഹത്തെ കൊണ്ട് തനിയെ തീ അണയ്ക്കാൻ സാധിക്കാതെ വന്നതോടെ കോൺഗ്രസ് നേതാവായ സുബിൻ നീറുംപ്ലാക്കലിനെ വിവരം അറിയിച്ചു. തുടർന്ന് സുബിൻ നീറുംപ്ലാക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. എന്നാൽ കാറ്റ് ശക്തമായി അടിക്കാൻ തുടങ്ങിയതോടെ തീ സമീപത്തെ പുരയിടങ്ങളിലേക്ക് പടരാൻ തുടങ്ങി. വാർഡ് അംഗം പി എം റോസയെയും കോയിപ്രം പോലീസിനെയും തിരുവല്ലയിൽ നിന്നുള്ള ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. തിരുവല്ല യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റെജി കുമാറിന്റെ നേതൃത്വത്തിൽ കെ സിയാദ്, സജു, അനൂപ്, സൂരജ് മുരളി, കൃഷ്ണരാജ്, അനിൽ കുമാർ, സുധീഷ് എന്നീ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രിച്ചത്. ഇതിനിടയിൽ സുബിൻ നീറുംപ്ലാക്കലിന്റെ കൈയ്ക്ക് സാരമായി പൊള്ളലേറ്റു. നാട്ടുകാരായ തോമസ് ജേക്കബ്, ചാക്കോ മാമ്മൻ, ജേക്കബ് പീറ്റർ, ജോൺ വർഗീസ് തുടങ്ങിയവരും ഫയർ ഫോഴ്സിനൊപ്പം തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി.



