തൃശൂർ – ബിജെപിയിൽ ചേരുമെന്ന് ചാനലുകളോട് സ്ഥിരീകരിച്ച് കോൺഗ്രസ് നേതാവ് പത്മജാ വേണുഗോപാൽ. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ബിജെപിയിൽ ചേരുമെന്ന് ഭർത്താവ് വേണുഗോപാലും അറിയിച്ചു. കോൺഗ്രസുകാരാണ് തന്നെ ബിജെപിയാക്കിയതെന്ന് പത്മജാ വേണുഗോപാൽ പ്രതികരിച്ചു. മോദി നല്ലൊരു ലീഡറാണ്. അതുകൊണ്ടാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് ലീഡറുടെ മകൾ എന്ന് അറിയപ്പെടുന്ന പത്മജാ വേണുഗോപാൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചവരെ തന്റെ മൂക്കിന് താഴെ ഭാരവാഹിത്വം കൊടുത്തു. ഇത് സഹിക്കുന്നതിലും അപ്പുറമായിരുന്നു. കുറച്ചു കാലമായി ഒന്നിലും ഇടപെട്ടില്ല. എന്റെ വേദനയാണ് എന്നെ ബിജെപിയിലേക്ക് എത്തിച്ചത്. കോൺഗ്രസ്സുകാർ എന്ന ബിജെപിയിലേക്ക് തള്ളി വിടുകയായിരുന്നു എന്നും പത്മജ പ്രതികരിച്ചു.
അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നാണ് പത്മജയുടെ ചേട്ടനായ കെ മുരളീധരൻ പ്രതികരിച്ചത്. ഇനി അനുജത്തിയുമായി ഒരു ബന്ധവുമില്ലെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പരിഹസിക്കുകയായിരുന്നു പത്മജ. ഇപ്പോൾ പറയുന്നത് മുരളീയേട്ടൻ പിന്നീട് തിരുത്തും. അച്ഛൻ ജീവിച്ചിരിക്കും വരെ താൻ അച്ഛനെ വേദനിപ്പിച്ചിട്ടില്ല. സിപിഎമ്മായിരുന്നു അച്ഛന്റെ പ്രധാന രാഷ്ട്രീയ എതിരാളി. ആ സിപിഎമ്മുമായി പോലും പിന്നീട് അച്ഛൻ സഹകരിച്ചു. രാഷ്ട്രീയത്തിൽ അച്ഛൻ അപമാനിക്കപ്പെട്ടപ്പോഴായിരുന്നു ഇത്. കെ മുരളീധരന്റെ വാദങ്ങളെല്ലാം പത്മജ തള്ളുകയാണ്. ഇതിനിടെയാണ് പത്മജയുടെ ഭർത്താവും പ്രതികരണവുമായി എത്തിയത്. പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപി.യിൽ ചേരുമെന്ന് സ്ഥിരീകരിച്ച് ഭർത്താവ് ഡോ.വേണുഗോപാൽ .
ബുധനാഴ്ച ഉച്ചയോടെ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇടക്ക് ഇക്കാര്യം നിഷേധിച്ചുകൊണ്ട് പത്മജ തന്നെ വൈകിട്ട് ഫേസ്‌ബുക്കിൽകൂടി രംഗത്തെത്തി. ‘ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല’ എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. അതിന് ശേഷമാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. തുടർച്ചയായി കോൺഗ്രസ് നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പത്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണ് പത്മജ ബിജെപിയിലേക്ക് എത്തുന്നതെന്നാണു സൂചന. കേരളത്തിൽ രണ്ടക്കം കടക്കുമെന്ന മോദിയുടെ പ്രസ്താവനയെ സിപിഎം അടക്കം ഭീതിയോടെയാണ് ഇപ്പോൾ കാണുന്നത് . പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയിൽ അത് പ്രകടമായിരുന്നു.


