കോഴി മാലിന്യത്തിന് മുകളില്‍ നിരോധിത പുകയില ഉല്പന്നക്കടത്ത് ; രണ്ടുപേർ പിടിയിൽ

Crime
Print Friendly, PDF & Email

പന്തളം: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച രണ്ടു പേരെ വാഹന പരിശോധനയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ആറു ലക്ഷം രൂപയോളം വില മതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.

കുളനട പനങ്ങാട് ജങ്ഷനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 4.15 ഓടെ വാഹന പരിശോധനയ്ക്കിടെയാണ് പത്തനംതിട്ട ജില്ല ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
വാഹനത്തില്‍ ഉണ്ടായിരുന്ന പൊന്നാനി പള്ളപ്രം പാലക്കവളപ്പില്‍ ഫാറൂഖ് (28), മലപ്പുറം വെളിയങ്കോട് കുറ്റിയാട്ടേല്‍ വീട്ടില്‍ റിയാസ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കെ.എല്‍ 08 ബി.ഡബ്ല്യു 4442 എന്ന പിക്കപ്പ് വാഹനത്തില്‍ 36 ചാക്കുകളിലായി ഹാന്‍സ്, കൂള്‍ എന്നിവയാണ് ഇവര്‍ കൊണ്ടുവന്നത്. നിരോധിത പുകയില ഉത്പന്നങ്ങളുടെ മുകളില്‍ ചാക്കിലാക്കിയ കോഴിമാലിന്യം ഇട്ട് മറച്ചു വച്ചിരുന്നു. 6,01,710 രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇവരുടെ കൈയ്യില്‍ നിന്നും 15070 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറത്ത് നിന്നും അടൂരേക്ക് കൊണ്ട് പോയതാണെന്ന് പോലീസ് പറഞ്ഞു.

41 ചാക്ക് ഹാന്‍സ്,15 ചാക്ക് കൂള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെഴ ഉമേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *