പത്തനംതിട്ട : ഇലവുംതിട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള കായികതാരമായ ദളിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രി വളപ്പിൽ വച്ചും കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞവർഷം ജനുവരിയിൽ രാത്രിയിൽ നാലുപേർ ചേർന്നാണ് ജനറൽ ആശുപത്രിയിൽ വച്ച് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ നാല് സ്കൂൾ വിദ്യാർത്ഥികളടക്കം ഏഴുപേർ കൂടി പത്തനംതിട്ട പൊലിസിന്റെ പിടിയിലായി. കേസിൽ എഫ്ഐആറുകളുടെ എണ്ണം 29 ആയി. ജില്ലയിലെ കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പന്തളം , മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 28 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളിൽ ചിലർ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുകയാണ്. ശാസ്ത്രീയ, സാഹചര്യ തെളിവുകളും ഡിജിറ്റൽ വിവരങ്ങളും ശേഖരിച്ച ശേഷമാകും അതിവേഗം കുറ്റപത്രം നൽകും. അഞ്ചുവർഷമായി നടന്ന പീഡനമായതിനാൽ പ്രതികളും പെൺകുട്ടിയുമായി നടന്ന മൊബൈൽ ഫോൺ സംഭാഷണത്തിലെ വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ കമ്പനികളെ സമീപിക്കേണ്ടിവരും. പീഡിപ്പിച്ച നാൽപ്പതോളം പേരുടെ നമ്പരുകളാണ് പെൺകുട്ടി അച്ഛന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ ഡയറിയിലും നോട്ടുബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്. ഇതും വിശദമായി പരിശോധിക്കും.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറിൽ വച്ച് രണ്ടുപേർ പീഡിപ്പിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി. പീഡിപ്പിച്ചശേഷം ഇവർ വീടിനരികിൽ ഇറക്കിവിട്ടു. കഴിഞ്ഞവർഷം ജൂലായിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പ്രതികളിൽ പലരെയും പരിചയപ്പെട്ടത്. കുട്ടിയെ മറ്റ് പല സ്ഥലങ്ങളിലേക്കും വാഹനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം കേസ് അന്വേഷിക്കാൻ ഡി.ഐ.ജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ 25 അംഗസംഘത്തെ നിയോഗിച്ചു. പത്തനംതിട്ട പൊലീസ് ചീഫ് വി.ജി വിനോദ്കുമാർ, ഡിവൈ.എസ്.പി എസ്. നന്ദകുമാർ, പത്തനംതിട്ട, ഇലവുംതിട്ട, റാന്നി, വനിതാ പൊലീസ് എസ്.എച്ച്.ഒമാർ എന്നിവർ സംഘത്തിലുണ്ടാകും. പ്രതികളിൽ വിദേശത്ത് ഉള്ള ആൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി പ്രകാരം 64 പേരാണ് പീഡനകേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ജില്ലക്കുള്ളിലുള്ള മുഴുവൻ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതുവരെ അറസ്റ്റിലായവരിൽ ഭൂരിഭാഗവും 30 വയസിനു താഴെയുള്ളവരാണ്. പ്ലസ്ടു വിദ്യാർഥികൾ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും പഠിക്കുന്നവർ ഇതിലുണ്ട്. ഓട്ടോഡ്രൈവർമാരടക്കമുള്ളവരും കൂട്ടത്തിലുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ പലരും മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണ്.
18കാരിയായ വിദ്യാർഥി കഴിഞ്ഞ രണ്ടു വർഷമായി നേരിട്ട ലൈംഗികാതിക്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് വെളിപ്പെടുത്തിയത്. 13 വയസ്സുള്ളപ്പോൾ സഹപാഠിയായ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത് കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കി. അച്ഛന്റെ ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് സുബിൻ സന്ദേശങ്ങളും മറ്റും അയച്ചതും. പെൺകുട്ടിക്ക് 16 വയസ്സായപ്പോൾ ബൈക്കിൽ കയറ്റി വീടിന് സമീപത്തെ അച്ചൻകോട്ടുമലയിലെത്തിച്ച് ആൾതാമസമില്ലാത്ത ഭാഗത്ത് റബർ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. മറ്റൊരു ദിവസം പുലർച്ചെ കുട്ടിയുടെ വീടിനടുത്ത് റോഡരികിലെ ഷെഡ്ഡിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാർക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ഇവർ സംഘം ചേർന്ന് അച്ചൻകോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു. തുടർന്ന് സഹപാഠികളടക്കം പലരും ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. കഴിഞ്ഞവർഷം ജനുവരിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നാലുപേർ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സ്വന്തം ജില്ലയാണ് പത്തനംതിട്ട. ഇവിടെയുള്ള പ്രധാന സർക്കാർ ആശുപത്രിയിൽ പീഡനം നടന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഏതായാലും സുരക്ഷാ വീഴ്ചകളിലേക്കാണ് ചർച്ചകൾ വിരൽ ചൂണ്ടുന്നത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നു കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം വീടിനടുത്ത് ഇറക്കിവിട്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് റാന്നിയിൽ തോട്ടത്തിൽ എത്തിച്ച് കാറിനുള്ളിൽവെച്ച് പീഡിപ്പിച്ചെന്ന മൊഴിപ്രകാരമാണ് ആറുപേരെ ശനിയാഴ്ച അറസ്റ്റുചെയ്തത്. ജില്ലയുടെ പല പ്രദേശങ്ങളിലുമുള്ളവർ പെൺകുട്ടിയെ പിഡനത്തിനിരയാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തു തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. വാഹനത്തിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പിടയിലായവരുടെ വീട്ടിലും പത്തനംതിട്ടയിലെ ചുട്ടിപ്പാറയിലുമെല്ലാം എത്തിച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ആളില്ലാത്ത ബസിലും പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഒരുദിവസംതന്നെ നാലുപേർ മാറിമാറി ബലാത്സംഗം ചെയ്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ കാണിച്ചാണ് പലരും വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നാണ് സൂചന. സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് വനിത കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി നിർദേശം നൽകി.
അതെസമയം അതിജീവിതയ്ക്ക് താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്ന് ഡിഐജി അജിതാ ബീഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ സംരക്ഷണത്തിന് ലെയിസൺ ഓഫീസറായി വനിതാ എസ്ഐയെ നിയോഗിച്ചു. കുട്ടിക്ക് കൗൺസിലിംങ് ഉൾപ്പടെ വിദഗ്ദ ചികിത്സ ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ തുടർ വിദ്യാഭ്യാസവും ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.


