ഇടുക്കി – കഞ്ചാവ് കൈവശം സൂക്ഷിച്ചിരിക്കുന്നു എന്ന സംശയത്തിൽ പോലീസ് വീട്ടിൽ കയറി പരിശോധന നടത്തിയതിന് യുവാവ് സ്റ്റേഷന് മുന്നിലെത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ കുമളി പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. കഞ്ചാവ്, മോഷണം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുമളി സ്വദേശിയായ മുനിയാണ്ടി സുരേഷാണ് പോലീസ് സ്റ്റേഷന് മുന്നിലെത്തി ആത്മഹത്യാശ്രമം നടത്തിയത്. ഇയാളുടെ വീട്ടിൽ ഇന്നലെ രാവിലെ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ, പരിശോധനയിൽ കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് അന്വേഷണ സംഘം മടങ്ങിയതിന് പിന്നാലെയാണ് സുരേഷ് പോലീസ് സ്റ്റേഷന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


