സംസ്ഥാനത്ത് രണ്ടര വർഷം കൊണ്ട് 1,53,103 പട്ടയങ്ങൾ വിതരണം ചെയ്തു: മന്ത്രി കെ രാജൻ

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി – സംസ്ഥാന സർക്കാർ രണ്ടര വർഷം കൊണ്ട് 1,53,103 പട്ടയങ്ങൾ വിതരണം ചെയ്തെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.റാന്നി മണ്ഡലത്തിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റാന്നി താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ റീ സർവേ കഴിയുന്ന മുറയ്ക്ക് പട്ടയപ്രശ്നങ്ങൾക്ക് പരിഹാരമാകും. ചേത്തക്കൽ – വലിയ പതാൽ പട്ടയപ്രശ്നത്തിൽ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേരും. കൊല്ലമുള- റാന്നി ട്രൈബൽ കോളനിയിലെ സർവേയ്ക്ക് തഹസീൽദാർ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.പ്രമോദ് നാരായൺ എം എൽ എ, വില്ലേജ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഡിജിറ്റല്‍ റീസര്‍വേ പൂർത്തിയാകുന്നതോടെ പെരുമ്പെട്ടി പട്ടയപ്രശ്നങ്ങൾക്ക് പരിഹാരമാകും: മന്ത്രി കെ രാജൻ

റാന്നി – ഡിജിറ്റല്‍ റീസര്‍വേ പൂർത്തിയാകുന്നതോടെ പെരുമ്പെട്ടി പട്ടയപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.പെരുമ്പെട്ടി ഡിജിറ്റല്‍ റീസര്‍വേ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനവും ഡിജിറ്റല്‍ റീസര്‍വേയുടെ രണ്ടാംഘട്ട നടപടികളുടെ ഉദ്ഘാടനവും പെരുമ്പെട്ടി വില്ലേജിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ പെരുമ്പെട്ടിയിലെ സാധാരണ ജനങ്ങൾക്കൊപ്പമാണ്. സർക്കാരും ജനങ്ങളും തമ്മിൽ ഒരു ആശയക്കുഴപ്പത്തിൻ്റേയും ആവശ്യമില്ല. ഡിജിറ്റല്‍ റീസര്‍വേ പൂർത്തിയാകുമ്പോൾ റവന്യുഭൂമിയും വനഭൂമിയും ഏതൊക്കെയെന്ന് തിരിച്ചറിയുവാൻ കഴിയും. റീസർവേ പൂർത്തിയാകുമ്പോൾ ഭൂമിക്കവകാശിയായ ആളുകളെ കണ്ടെത്താൻ സാധിക്കും. രണ്ടര വർഷം കൊണ്ട് സർക്കാർ ഒന്നര ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തു. കേരളത്തിലെ ഡിജിറ്റല്‍ റീസര്‍വേ പൂർത്തിയാകുമ്പോൾ ഇൻറഗ്രേറ്റഡ് പോർട്ടൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ദീർഘവീക്ഷണത്തോടെ ആരംഭിച്ച ഡിജിറ്റൽ സർവേ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ജില്ലയിൽ 12 വില്ലേജുകളാണുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിൽ 13 വില്ലേജുകളിലാണ് സർവേ നടക്കുക.512 കുടുംബങ്ങളുടെ കാത്തിരിപ്പിനു വിരാമം കുറിക്കുന്ന നടപടികളിൽ നാഴികക്കല്ലായി ഡിജിറ്റൽ സർവേ മാറുമെന്നും മന്ത്രി പറഞ്ഞു.
മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ച വില്ലേജ് ഓഫീസർ മഞ്ജുഷയെ ചടങ്ങിൽ ആദരിച്ചു.
റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് ചരളേൽ, എഡിഎം ജി സുരേഷ് ബാബു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ടീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *