പമ്പയിൽ പാർക്കിംഗിനെ ചൊല്ലി പോലീസും വക്കീലന്മാരും തമ്മിൽ വാക്കേറ്റം :

Crime Pathanamthitta

പമ്പ: അനധികൃത പാർക്കിംഗിനെ ചൊല്ലി വക്കീലന്മാർ പൊലീസുമായി തര്‍ക്കം. മദ്യപിച്ചുവെന്ന് ആരോപിച്ച് മൂന്ന് അഭിഭാഷകരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പുലിവാലാകുമെന്ന് കണ്ടപ്പോള്‍ ഒരാള്‍ക്കെതിരേ മാത്രം കേസെടുത്ത് മറ്റ് രണ്ടു പേരുടെയും ജാമ്യത്തില്‍ വിട്ടയച്ചു. മൂവരും മദ്യപിച്ചിരുന്നുവെന്നും ഇവരുടെ വാഹനത്തില്‍ നിന്ന് മദ്യം കണ്ടെടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് എടുത്ത കേസില്‍ ഇതൊന്നുമില്ല താനും. മദ്യനിരോധന മേഖലയിലാണ് പൊലീസിന്റെ ഈ ഒളിച്ചു കളി.

ഇന്നലെ വൈകിട്ടാണ് സംഭവം. അഭിഭാഷകരില്‍ രണ്ടു പേര്‍ ആലപ്പുഴയിലും ഒരാള്‍ എറണാകുളത്തു നിന്നുമുള്ളതാണ്. മാസപൂജയ്ക്ക് നട തുറന്നിരിക്കുന്ന സമയത്താണ് ഇവര്‍ പമ്പയില്‍ വന്നത്. അവിടെല്ലാം സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കണ്ട് വാഹനത്തില്‍ വന്ന അഭിഭാഷകര്‍ ഇവിടെ പാര്‍ക്ക് ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചു. പൊലീസും അഭിഭാഷകരുമായി വാക്കേറ്റമുണ്ടായി. ഇവരുടെ വാഹനം പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പി കണ്ടെത്തിയെന്നും അതിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നുവെന്ന് സംശയം തോന്നിയെന്നും പറയുന്നു. തുടര്‍ന്ന് മൂവരെയും കസ്റ്റഡിയില്‍ എടുത്ത് മെഡിക്കല്‍ പരിശോധന നടത്തി.

അഭിഭാഷകര്‍ നിയമം പറഞ്ഞ് തട്ടിക്കയറിയതോടെ പൊലീസ് വെട്ടിലായി. പോരാത്തതിന് കഴിഞ്ഞ ദിവസം പൊലീസിന്റെ അഭിഭാഷകരോടുള്ള പെരുമാറ്റം സംബന്ധിച്ച ഹൈക്കോടതിയുടെ താക്കീത് കൂടി ഓര്‍മിപ്പിച്ചു. ഒടുവില്‍ ഇരുകൂട്ടരുമായി ഒത്തു തീര്‍പ്പിലെത്തി. ഒരാളെ മാത്രം പ്രതിയാക്കി. മദ്യം കണ്ടെടുത്തതും പ്രതികള്‍ മദ്യപിച്ചിരുന്നുവെന്നതും പൊലീസ് വിഴുങ്ങി. പകരം നിരോധിത പ്രദേശത്ത് പാര്‍ക്ക് ചെയ്തു (ഐപിസി 188), കണ്‍ട്രോള്‍ റൂം എസ്‌ഐ ദീപ്തികുമാറിനോട് മോശം പെരുമാറ്റം നടത്തി കൃത്യനിര്‍വഹണം തടസപ്പെടുത്തി (117(ഇ)കേരളാ പൊലീസ് ആക്ട്), ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറഞ്ഞു (294ബി ഐപിസി) എന്നീ വകുപ്പുകള്‍ ചുമത്തി ഒരാള്‍ക്കെതിരേ മാത്രം കേസെടുത്തു. മറ്റു രണ്ടു പേരെയും ജാമ്യക്കാരാക്കി. മൂവരും പമ്പയില്‍ നിന്ന് പോവുകയും ചെയ്തു.

രഹസ്യന്വേഷണ വിഭാഗങ്ങള്‍ ഈ വിവരം തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമങ്ങള്‍ പമ്പ എസ്എച്ചഓയുമായി ബന്ധപ്പെട്ടപ്പോള്‍ ഒളിച്ചു കളിക്കുകയാണ് ചെയ്തത്. നിരോധിത മേഖലയില്‍ മദ്യം കൊണ്ടുവന്ന ഗൗരവകരമായ കുറ്റം ഉണ്ടായിരുന്നിട്ടു കൂടി അതെല്ലാം ഒഴിവാക്കുകയാണുണ്ടായത്. പമ്പയില്‍ മാസപൂജയ്ക്കും സീസണിലുമുളള അനധികൃത പാര്‍ക്കിങ് ആണ് തര്‍ക്കത്തിലേക്ക് നയിച്ചത്. പണം വാങ്ങി പമ്പയില്‍ പാര്‍ക്കിങ് നല്‍കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലും പൊലീസ് കണ്‍ട്രോള്‍ റൂമിന് സമീപവും ഇങ്ങനെ അനധികൃത പാര്‍ക്കിങ് വ്യാപകമാണ്. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് ഔദ്യോഗിക വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിഐപി വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് പമ്പയില്‍ പാര്‍ക്കിങ് അനുവദിച്ചിരിക്കുന്നത്. ശേഷിച്ച വാഹനങ്ങള്‍ ആളെ പമ്പയില്‍ ഇറക്കി തിരികെ നിലയ്ക്കലില്‍ വന്ന് പാര്‍ക്ക് ചെയ്യണം.

ഇതിനിടെ പലവിധ സ്വാധീനങ്ങള്‍ കൊണ്ടും പണം നല്‍കിയും വാഹനം പമ്പയിലും പരിസരത്തും പാര്‍ക്ക് ചെയ്യാന്‍ ചിലര്‍ വരുന്നുണ്ട്. ഇങ്ങനെ കിടക്കുന്ന വാഹനങ്ങള്‍ കണ്ടാണ് ഇന്നലെ പമ്പയില്‍ പാര്‍ക്കിങിന് വേണ്ടി അഭിഭാഷകര്‍ വാശിപിടിച്ചതും പൊലീസുമായി വാക്കേറ്റവും അസഭ്യം വിളിയും നടന്നതും.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *