സന്നിധാനം – ശബരിമലയിൽ മുതിർന്ന പൗരന്മാർക്കുള്ള സൗകര്യങ്ങൾ തൃപ്തികരമാണെന്ന് മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി വിലയിരുത്തി. കൂടുതൽ പ്രകൃതി സൗഹാർദമായ ഇരിപ്പടങ്ങൾ ഒരുക്കി പമ്പ മുതൽ സന്നിധാനം വരെ വിശ്രമസൗകര്യം മെച്ചപ്പെടുത്തണമെന്ന് സമിതി നിർദേശിച്ചു. ശബരിമല ദർശനത്തിനെത്തുന്ന മുതിർന്ന പൗരന്മാർക്ക് ലഭ്യമാക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥരുമായി പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം സ്ഥിതിഗതികൾ നേരിട്ടു മനസിലാക്കുന്നതിനു സമിതി അദ്ധ്യക്ഷൻ കെ പി മോഹനൻ, അംഗങ്ങളായ ജോബ് മൈക്കിൾ, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സന്നിധാനം സന്ദർശിച്ചിരുന്നു. തുടർന്ന് രാവിലെ നടന്ന അവലോകന യോഗത്തിന് ശേഷമാണ് സമിതി മാധ്യമങ്ങളോട് പ്രതികരിച്ചത്.
പമ്പയിൽ വയോജന സൗഹാർദമായ കൂടുതൽ ടോയ്ലറ്റുകൾ ഒരുക്കുവാനും സമിതി നിർദ്ദേശം നൽകി. നൂറാം വയസിൽ കന്നിമല ചവിട്ടിയ വയനാട് മൂന്നാനക്കുഴി സ്വദേശി പാറുക്കുട്ടിയമ്മ വലിയ പ്രചോദനമാണ് മുതിർന്ന പൗരന്മാർക്ക് നൽകുന്നതെന്നും, മുൻ കാലങ്ങളെ അപേക്ഷിച്ച് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുപാട് മെച്ചപ്പെട്ടെന്നും സർക്കാരും ദേവസ്വം ബോർഡും ആവശ്യമായ വികസനങ്ങൾ നടത്തുന്നുണ്ടെന്നും സമിതി അദ്ധ്യക്ഷൻ കെ പി മോഹനൻ പറഞ്ഞു.
നിർദ്ദേശങ്ങൾ പരിഗണിക്കാൻ ബാധ്യസ്ഥരാണെന്നും വരും നാളുകളിൽ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്നും വയോജനങ്ങൾക്ക് സുഖദർശനം ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി. പ്രശാന്ത് സമിതിക്ക് ഉറപ്പു നൽകി.
ദേവസ്വം ബോർഡ് സന്നിധാനം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സമിതി അംഗം കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?
Like
Love
Happy
Haha
Sad

