മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല, തിരുവുത്സവം : ക്രമീകരണങ്ങളൊരുക്കി ജില്ലാ ഭരണകൂടം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മുൻവർഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാധ്യതയും, കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജില്ലാ കളക്ടർ എ ഷിബു പറഞ്ഞു. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. മുൻവർഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാഹചര്യവും കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ ആവശ്യമുണ്ട്. ഉത്സവനഗരിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ ആംബുലൻസ് സൗകര്യം ഒരുക്കണം. എഴുന്നെള്ളിക്കുന്ന ആനകളുടെ ഫിറ്റ്നെസ്, ഭക്തജനങ്ങൾക്ക് പാർക്കിംഗ് സൗകര്യം, അവശ്യമരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.

ഉത്സവത്തോടനുബന്ധിച്ച് ആനകളുടെ എഴുന്നെള്ളത്ത് നടത്തുന്നത് സുരക്ഷിതമായിട്ടാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെയും വകുപ്പുകളുടെ ഏകോപനചുമതല കോന്നി തഹസിൽദാരേയും ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.

പൊലീസിന്റെ നേതൃത്വത്തിൽ ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിക്കും. പൊങ്കാലദിവസമുള്ള പാർക്കിംഗ് സ്ഥലം കണ്ടെത്തുന്നതിന് പഞ്ചായത്ത് അധികൃതരും ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും പൊലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. സിസിടിവി സംവിധാനം ഏർപ്പെടുത്തും. ആംബുലൻസ് സഹിതമുള്ള മെഡിക്കൽ ടീമിന്റെ സേവനം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉറപ്പാക്കും. പൊങ്കാലദിവസമായ 20ന് മലയാലപ്പുഴ പിഎച്ച്സിയിൽ ഡോക്ടർമാരുടേയും പാരാമെഡിക്കൽ സ്റ്റാഫിന്റേയും സേവനവും അവശ്യമരുന്നുകളും ഉറപ്പാക്കും. ജലസ്രോതസുകളിലെ ക്ലോറിനേഷനും ഭക്ഷണശാലകളിലെ പരിശോധനയും കർശനമാക്കും. പൊങ്കാലദിവസം അഗ്‌നിശമനസേനയുടെ ഒരു യൂണിറ്റിന്റെ സേവനവും ഉറപ്പാക്കും.

ഉത്സവകാലയളവിൽ തടസം കൂടാതെയുള്ള വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. ജലക്ഷാമം നേരിടാതിരിക്കാനുള്ള നടപടികൾ കേരള വാട്ടർ അതോറിറ്റി ഉറപ്പാക്കും. ഉത്സവകാലയളവിൽ മലയാലപ്പുഴക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി അധിക സർവീസ് നടത്തും. വ്യാജമദ്യവിൽപ്പന, നിരോധിത ലഹരിവസ്തുക്കളുടെ വിൽപന എന്നിവ തടയാനുള്ള നടപടികൾ എക്സൈസ് വകുപ്പ് ഏർപ്പെടുത്തും. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ, ശുചീകരണപ്രവർത്തനങ്ങൾ, ബയോടോയ്ലെറ്റ് സംവിധാനം, അനധികൃതകച്ചവടം ഒഴിപ്പിക്കൽ, യാചകനിരോധനം തുടങ്ങിയ കാര്യങ്ങളിലുള്ള മുന്നൊരുക്കങ്ങൾ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടത്തും.

ജില്ലാ പൊലീസ് മേധാവി വി അജിത്ത്, ദുരന്തനിവാരണ ഡെപ്യുട്ടികളക്ടർ ടി ജി ഗോപകുമാർ, മലയാലപ്പുഴ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ ഉണ്ണികൃഷ്ണൻ നായർ, ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട്, സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ, അംഗങ്ങളായ ശശിധരൻനായർ പാറയരുകിൽ, മോഹനൻ നല്ലൂർ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *