പത്തനംതിട്ട ജില്ലാതല ജന്തുക്ഷേമ പുരസ്‌കാരം സമ്മാനിച്ചു

Pathanamthitta Lifestyle
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാതല ജന്തുക്ഷേമ പുരസ്‌കാര വിതരണവും സെമിനാറും പത്തനംതിട്ട നഗരസഭാ വാർഡ് കൗൺസിലർ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല ജന്തുക്ഷേമ പുരസ്‌കാരം ക്ഷീരകർഷകയായ അന്നമ്മ പുന്നൂസിന് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്.

മികച്ച മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ജന്തുക്ഷേമ പുരസ്‌കാരം ജില്ലാതലത്തിൽ നൽകിവരുന്നത്. ഒൻപത് കറവപ്പശുക്കളെയും കിടാരികളെയും വളർത്തിയാണ് അന്നമ്മയും കാഴ്ചപരിമിതരായ ഭർത്താവ് പുന്നൂസും, മക്കളായ ജോമോളും, ജോമോനും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തുന്നത്. മുട്ടക്കോഴി വളർത്തലും തീറ്റപ്പുൽ കൃഷിയും ഇവർക്കുണ്ട്. കാഴ്ചപരിമിതി എന്ന കുറവിനെ സധൈര്യം നേരിട്ട് തങ്ങളുടെ കഴിവും അർപ്പണ ബോധവും കൊണ്ട് മൃഗപരിപാലനവും അതുവഴി മൃഗക്ഷേമപ്രവർത്തനങ്ങളിലും ഏർപ്പെടുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്യുന്ന അന്നമ്മ പുന്നൂസ് എന്ന വ്യക്തി പ്രത്യേക പരിഗണന അർഹിക്കുന്നു എന്ന വിലയിരുത്തലോടെയാണ് ഇവരെ പുരസ്‌കാരത്തിന് അവാർഡ് കമ്മറ്റി തെരഞ്ഞെടുത്തത്.

ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ സി.പി അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെറ്റ്‌ഷോപ്പ് റൂൾ, മാർക്കറ്റ് റൂൾ, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിംഗ് റൂൾ, പി.സി.എ. ആക്ട്, പഞ്ചായത്ത് രാജ് ആക്ട് തുടങ്ങിയ വിഷയങ്ങളിൽ റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ഡാനിയൽ ജോൺ, സീനിയർ വെറ്ററിനറി സർജൻ ഡോ. ശുഭ പരമേശ്വരൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജെ. ഹരികുമാർ, അസി. പ്രൊജക്ട് ഓഫീസർ ഡോ. ആർ രാജേഷ് ബാബു, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. വി. എ ഷീജ ബീവി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *