പത്തനംതിട്ട – ബാലസൗഹൃദ സംസ്ഥാനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട ദത്തെടുക്കൽ കേന്ദ്രത്തിന്റെ ഓമല്ലൂർ അമ്പലം ജംഗ്ഷൻ ഐമാലി ഈസ്റ്റിലെ
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് കുറഞ്ഞതും പോഷകാഹാരം കുറവ് ഇല്ലാത്തതും ആയ സംസ്ഥാനമെന്നും ഏത് രീതിയിൽ നോക്കിയാലും കേരളത്തിന്റെ സാമൂഹിക പുരോഗതി മികച്ച രീതിയിലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ബാലസൗഹൃദ കേരളം എന്ന ആശയത്തിലൂന്നിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥി ആയ ജില്ലാ കളക്ടർ എ. ഷിബു പറഞ്ഞു. സംസ്ഥാനത്ത് ഒരു കുട്ടി പോലും അനാഥൻ ആകാൻ പാടില്ല. പല കാരണങ്ങൾ കൊണ്ടും കുട്ടികളെ ഉപേക്ഷിച്ച് പോകുന്നവർ ഉണ്ട്. കുട്ടികൾക്ക് ഒപ്പം കുറച്ച് സമയം ചെലവഴിക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. കുട്ടികളുടെ പരിചരണം ഏറെ ആത്മാർഥതയോടെ ചെയ്യുന്ന ജീവനക്കാർക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കണമെന്നും സമിതിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം എന്നും കളക്ടർ പറഞ്ഞു.
ചടങ്ങിൽ ജൈവ പച്ചക്കറി നടീൽ ഉത്സവം സംഘടിപ്പിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി സുമേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരദേവി, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ഗ്രാമപഞ്ചായത്ത് അംഗം കെ സി അജയൻ, ഇ എം എസ് സഹകരണ ആശുപത്രി ചെയർമാൻ ടി കെ ജി നായർ, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എൻ രാജീവ് , ജില്ലാ ശിശു വികസന ഓഫീസർ യു അബ്ദുൾ ബാരി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി ആർ ലതാകുമാരി , ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ തുടങ്ങിയവർ പങ്കെടുത്തു.



