@ഹരി ഇലന്തൂർ
പത്തനംതിട്ട – കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസ് അപകടത്തിൽ പെട്ട് വർഷങ്ങളോളം കിടപ്പു രോഗിയായി മാറിയ മലയാലപ്പുഴ കടവുപുഴ അനകല്ലിൽ നാണുവും വിടവാങ്ങി. അദ്ദേഹം മുക്കുഴിയിൽ വ്യാപാരിയായിരുന്നു. ആ അപകടം കഴിഞ്ഞ് 45 കൊല്ലത്തെ നരകയാതനക്ക് ശേഷം 98 മത്തെ വയസിലാണ് നാണു വിടചൊല്ലിയത്. അപകടം ഏൽപ്പിച്ച ക്ഷതം ജീവിതത്തെയും ശരീരത്തെയും ഒരു പോലെ തളർത്തി. എങ്കിലും ആയുസ്സിന്റെ ബലം കൊണ്ട് കഴിഞ്ഞു പോന്ന നാണു ഈ ദുരന്തത്തിലെ അവസാന ശയ്യാവലംബിയായിരുന്നു.

1979 മാർച്ച് 30. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. രാവിലെ എട്ടരക്ക് പോകേണ്ട പുതുക്കുളം – പത്തനംതിട്ട കെ.എസ്.ആർ.ടിസി ബസ് ട്രിപ്പ് മുടക്കി. തൊട്ടുപിന്നാലെ വന്നത് കൊല്ലത്തെ മോട്ടോർ സഹകരണ സംഘത്തിന്റെ ഉടമസ്ഥതിയിൽ പുതുക്കുളം – ഓച്ചിറ റൂട്ടിൽ സർവീസ് നടത്തുന്ന കോമോസ് എന്ന ബസ്. മലയാലപ്പുഴ ക്ഷേത്രം ജംഗ്ഷനിൽ എത്തിയപ്പോൾ തന്നെ യാത്രക്കാർ നിറഞ്ഞു കവിയുന്ന സ്ഥിതിയിലായിരുന്നു. എങ്കിലും വണ്ടിയിൽ അവിടെനിന്നും നിരവധി പേർ കയറി. മലയാലപ്പുഴ ക്ഷേത്ര കയറ്റംകഴിഞ്ഞാൽ നിരപ്പ് റോഡാണ് . പിന്നീട് മയിലാടുംപാറ മുതൽ കുമ്പഴ വരെ ഇടുങ്ങിയ ഇറക്കവും. ഇറക്കം പകുതിയായപ്പോൾ ബസിന്റെ ബ്രേക്ക് നഷ്ടമായി.ഡ്രൈവർ ഇക്കാര്യം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. വഴിയാത്രക്കാരെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചു.അ പ്പോഴേക്കും കുമ്പഴയിലെ വലിയ വളവായ കണി കുന്നിൽ പടിയിലെത്തി .ബസ് വളവ് നിവർന്നില്ല. നേരെ മരത്തിലും മതിലിലുമായി ഇടിച്ചു നിന്നു. യാത്രക്കാർക്ക് ഒന്ന് ഉച്ചത്തിൽ കരയാൻ പോലും പറ്റാതെ ഞെരിഞ്ഞമർന്നു. കാരണം യാത്രക്കാരുടെ എണ്ണം 156 ആയിരുന്നു. അപകടം ഉണ്ടായതറിഞ്ഞപ്പോൾ തന്നെ ജീപ്പിലും അംബാസിഡർ കാറിലുമായി മൃതപ്രായരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും എത്തിച്ചു. അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട താലൂക്ക്. കൊല്ലം ജില്ലാകളക്ടറുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഈ സമയമാണ് ഞെട്ടിക്കുന്ന മരണ സംഖ്യ പുറത്തുവന്നത്. 34 പേർ തൽക്ഷണം മരിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പന്ത്രണ്ടും.. അങ്ങനെ കേരളത്തിലെ ബസ് അപകടങ്ങളിലെ ഏറ്റവും വലിയ ദുരന്തമായി കുമ്പഴ ഇടം പിടിച്ചു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, പയനിയർ കോളേജ് വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, സാധാരണക്കാർ, മലയാലപ്പുഴ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവർ എന്നിവരാണ് മരണമടഞ്ഞത്.മരിച്ചവരിൽഏറെപ്പേരും മലയാലപ്പുഴക്കാർ ആയിരുന്നു.മലയാലപ്പുഴ, താഴം, ഇലക്കുളം, കടുവാക്കുഴി, നല്ലൂർ, വള്ളിയാനി, വടക്കുപുറം കിഴക്കുപുറം, കോഴി കുന്നം, മുക്കുഴി, കടവുപുഴ സ്വദേശികൾ. അപകടത്തെ തുടർന്ന് വിറങ്ങലിച്ചു പോയ ഒരു ഗ്രാമം. കെ.എസ്.ആർ, ടി. സി പുതുക്കുളം -കോട്ടയം മെഡിക്കൽ കോളേജ് ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉടൻ ആരംഭിച്ചു. തകർന്ന മനസ്സോടെ എല്ലാം നഷ്ടപ്പെട്ടവർ, അപകടത്തിൽ വൈകല്യം സംഭവിച്ചവരെല്ലാം വർഷങ്ങളായി കോട്ടയം മെഡിക്കൽ കോളേജ് ബസിലെ സ്ഥിരം യാത്രക്കാരായി .ചിലർ പരിക്കുകളെ അതിജീവിച്ചു. ചിലർ കട്ടിലിൽ ജീവിതം തള്ളിനീക്കി ലോകത്തോട് യാത്ര പറഞ്ഞു. അത്തരത്തിൽ ദുരന്തങ്ങളിൽ ജീവിതം കഴിച്ചുകൂട്ടിയ നാണുവും വിടവാങ്ങുമ്പോൾ ബസ് ദുരന്തത്തിൽപ്പെട്ട് വലിയ ദുരിതം അനുഭവിച്ചവർ മലയാലപ്പുഴയിൽ ഇല്ലാതാവുമ്പോഴും റോഡിന് വീതി കൂടിയെങ്കിലും ആ വളവ് നിവർക്കാൻ കഴിഞ്ഞിട്ടില്ല. അപകടത്തെ തുടർന്ന് നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിലും പ്രധാനമായി ചൂണ്ടി കാട്ടിയത് വളവ് നിവർക്കുക എന്നതായിരുന്നു. പതിവു കമ്മീഷൻ റിപ്പോർട്ടു പോലെ ഇതും പാഴായി. !!


