മൈലപ്ര വ്യാപാരിയുടെ കൊലപാതകം ; നാലാം പ്രതി കൊടും ക്രിമിനലായ മുത്തുകുമാരനും പിടിയിലായി

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മൈലപ്രയിലെ വ്യാപാരിയായിരുന്ന ജോർജ് ഉണ്ണൂണ്ണിയെ കടയിൽക്കയറി കൊലപ്പെടുത്തി സ്വർണ്ണമാലയും പണവും കവർന്ന കേസിൽ ഒളിവിലായിരുന്ന നാലാം പ്രതിയും അറസ്റ്റിൽ. തെങ്കാശി സ്വദേശി മുത്തുകുമാരനെ (24)യാണ് തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.

പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേൽ ക്വാർട്ടർ, ആരിഫ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹരീബ് ആണ് കൊലപാതകം ആസുത്രണം ചെയ്തത്. ഇയാൾക്ക് പുറമേ തെങ്കാശി സ്വദേശി മദ്രാസ് മുരുകൻ എന്നറിയപ്പെടുന്ന മുരുകൻ (42), മധുരൈ മുനിച്ചലാൽ സിന്താമണി ചിന്നഅനുപ്പനാടി കാമരാജർ സ്ട്രീറ്റിൽ വീട്ടുനമ്പർ 2/119 ൽ ബാലസുബ്രഹ്മണി എന്നു വിളിക്കുന്ന എം. സുബ്രഹ്മണ്യൻ (24), പത്തനംതിട്ട വലഞ്ചുഴി ജമീല മൻസിലിൽ നിയാസ് അമാൻ (33) എന്നിവരെയാണ് ജനുവരി ആറിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

കൊടുംക്രിമിനലായ മുത്തുകുമാരനെ തമിഴ്‌നാട് വിരുതനഗർ ശ്രീവള്ളിനഗറിൽ നിന്നാണ് പത്തനംതിട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. മുത്തു കുമാരനുമായി പൊലീസ് സംഭവസ്ഥലത്ത് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും.

ഡിസംബർ 30 ന് വൈകിട്ട് മൂന്നിനും നാലിനുമിടയ്ക്കാണ് കവർച്ചാ ശ്രമത്തിനിടെ ജോർജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിലിട്ട് കൊന്നത്. ഏഴു പവന്റെ സ്വർണ മാലയും കടയിൽ സൂക്ഷിച്ച 50000 രൂപയും അപഹരിച്ചു. നാലു പ്രതികൾ നേരത്തേ പിടിയിലായിരുന്നു. ഇവർ ഇപ്പോൾ തെളിവെടുപ്പിന് പൊലീസ് കസ്റ്റഡിയിൽ ഉണ്ട്.

കൊലപാതകത്തിൽ നിർണായക തെളിവ് ആയ വ്യാപാരിയുടെ കടയിലെ സി.സി.ടി.വി ഹാർഡ് ഡിസ്‌ക് കഴിഞ്ഞ ദിവസം അച്ചൻകോവിൽ ആറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു. കൊല നടത്തിയ പ്രതികൾ സി.സി.വി ക്യാമറകൾ തകർത്ത് ഹാർഡ് ഡിസ്‌കും എടുത്തു കൊണ്ട് പോകുകയിരുന്നു. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലിസ് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് അവസാന പ്രതിയും പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *