മകരവിളക്ക് മഹോത്സവം : സന്നിധാനം ഒരുങ്ങി

Pathanamthitta

സന്നിധാനം – മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ജില്ലാ കലക്ടർ എ. ഷിബുവിന്റെ നേതൃത്വത്തിൽ പമ്പയിലും നിലയ്ക്കലും പരിശോധന നടത്തി. ഹോട്ടലുകൾ, വിവിധ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. വില നിലവാര പട്ടിക അനുസരിച്ചുള്ള വിലയാണ് ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഈടാക്കുന്നത് എന്നും ഭക്ഷണം വൃത്തിയായും ശുചിയായും പാകം ചെയ്താണ് തീർഥാടകർക്കായി നൽകുന്നതെന്നും ഉറപ്പു വരുത്തി.

മുൻകരുതലിന്റെ ഭാഗമായി പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന പൂർത്തിയാക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഏതെങ്കിലും വിധത്തിൽ തീപിടിത്തം ഉണ്ടായാൽ നേരിടുന്നതിനായി എല്ലാ പോയിന്റുകളിലെയും ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ഫയർ എക്സ്റ്റിങ്ങ്യൂഷറുകളും സജ്ജമാണ്. മകരവിളക്ക് വ്യൂ പോയിന്റുകളിലും ഫയർഫോഴ്‌സിന്റെ സേവനമുണ്ടായിരിക്കും.
മണ്ഡല കാലത്തിനു മുൻപേ പമ്പ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയിരുന്നു.

മകരവിളക്ക് ദിനമായ നാളെ (ജനുവരി 15) പുലർച്ചെ 2.15 ന് നട തുറക്കും. 2.46 ന് നെയ്യഭിഷേകം നടത്തി മകരസംക്രമപൂജ നടത്തും.
തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന നെയ്‌ത്തേങ്ങ കൊണ്ടാണ് അഭിഷേകം നടത്തുക. വൈകിട്ട് 5 മണിക്ക് നട തുറക്കും. 5.15 ഓടെ അയ്യപ്പന് ചാർത്താനുള്ള തിരുവവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടർന്ന് ദേവസ്വം അധികൃതർ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കളക്ടർക്ക് ഒപ്പം ഉണ്ടായിരുന്നു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *