പുല്ലാട് – സാമൂഹിക പൊതു പ്രവർത്തകനും, നാടൻ പശു പരിപാലകനും, ജൈവ കൃഷി പ്രചാരകനായ പുല്ലാട് വല്ലുഴത്തിൽ അജയകുമാറിന് വീണ്ടുമൊരു ദേശീയ പുരസ്കാരം. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.ആർ ( ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ) എല്ലാ വർഷവും നൽകാറുള്ള ബ്രീഡ് കൺസർവേഷൻ അവാർഡിനാണ് ഇത്തവണ അദ്ദേഹം അർഹനായത്. 2025 ലെ വ്യക്തിഗത വിഭാഗത്തിൽ ദേശീയ തലത്തിൽ മൂന്നാമതെത്തിയതോടെയാണ് അവാർഡിന് അദ്ദേഹം അർഹനായത്.
ഇന്ത്യൻ സംസ്കാരത്തിലെ പുരാണങ്ങളിൽ വരെ പരാമർശിക്കപ്പെടുന്ന ഇന്ന് അന്യം നിന്ന് പോയേക്കാവുന്ന അവസ്ഥയിലെത്തിയ കേരളത്തിന്റെ തനത് പശുക്കളായ വെച്ചൂർ പശുക്കളുടെ സംരക്ഷകനും, ബ്രീഡ് സെന്റർ ഉടമയുമയുമാണ് അജയകുമാർ വല്ലുഴത്തിൽ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലെ വെച്ചൂർ ഗ്രാമത്തിലാണ് ഈ ഉയരം കുറഞ്ഞ പശുക്കൾ ആദ്യം കാണപ്പെട്ടിരുന്നത്. ഇതിൽ നിന്നുമാണ് വെച്ചൂർ പശു എന്ന പേര് ലഭിച്ചത് . വെച്ചൂർ ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതയാണ് വെച്ചൂർ പശുവെന്ന ജനുസ്സിൻറെ ഉദ്ഭവത്തിനു കാരണം. ഇതിന്റെ പാലിൽ ബീറ്റ കസിൻ എ – 2 (β – casein A2) എന്ന പ്രോട്ടീൻ പ്രമേഹം, ഹൃദ്രോഗം എന്നിവയെ കൂടാതെ ഓട്ടിസം, സ്കിസോഫ്രീനിയ, സഡൻ ഇൻഫൻറ് ഡത്ത് സിൻഡ്രോം എന്നീ രോഗങ്ങളെയും പ്രതിരോധിക്കുന്നതായാണ് കണ്ടെത്തിയിട്ടുണ്ട്. ചില വലിയ ക്ഷേത്രങ്ങളിൽ അടക്കം വെച്ചൂർ പശുക്കളുടെ പാലാണ് ആരാധനക്കായി ഉപയോഗിക്കാറുള്ളത്.
പത്തനംതിട്ട ജില്ലയിലെ പുല്ലാട്, എഴുമറ്റൂർ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന അമൃതധാര ഗോശാലയുടെ ചെയർമാനായ അജയകുമാർ വല്ലുഴത്തിൽ മുമ്പും നിരവധി സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഇന്ത്യയിലെ ഏതാണ്ട് 23 ലധികം തനത് നാടൻ ഇനങ്ങളിൽപ്പെട്ട പശുക്കളടക്കം 700 ഓളം നാടൻ പശുക്കളെ അമൃതധാര ഗോശാലയിൽ സംരക്ഷിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും അദ്ദേഹം മുണ്ടക്കയം കാളച്ചന്ത പോലുള്ള സ്ഥലങ്ങളിൽ അറവുശാലകളിലേക്ക് വിൽക്കാൻ കൊണ്ടുവന്നവരുടെ കയ്യിൽ നിന്നും പണം നൽകി വാങ്ങിയവയാണ് എന്ന പ്രത്യേകതയുമുണ്ട്.
കേരള സർക്കാരിന്റെ അംഗീകൃത ഫാം സ്‌കൂളായ അമൃതധാരയിൽ ഇതിനോടകം 20000 ത്തിലധികം വിദ്യാർത്ഥികളും, അദ്ധ്യാപകരും സന്ദർശനം നടത്തി അറിവ് ശേഖരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജൈവ, പ്രകൃതി കൃഷി വ്യാപിപ്പിക്കുന്നതിനായി രാജ്യത്ത് ആകമാനം ആരംഭിക്കുന്ന ബി.ആർ.സി ഇൻപുട്ട് സെന്ററായി സർക്കാരുമായി ശാരനാ പാത്രത്തിൽ ഒപ്പിട്ടുണ്ട്.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരം രണ്ടുതവണ നേടിയ അപൂർവ്വം കാരശകാരിൽ ഒരാളാണ് അജയകുമാർ വല്ലുഴത്തിൽ. ജനുവരി 12 ന് ഡെൽഹിയിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങും.
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

