കോഴഞ്ചേരി: രാപകലില്ലാതെ മണ്ണടിച്ച് പാടം നികത്തുന്നു. നെൽകൃഷി മാത്രം നടന്നിരുന്ന പാടത്തിൽ തെങ്ങുകളും മരങ്ങളും വളരുന്നു. നാട്ടുകാരും മറ്റു പാർട്ടികളുടെ നേതാക്കളും രേഖാമൂലം പരാതി നൽകിയെങ്കിലും വില്ലേജ്, റവന്യൂ അധികൃതർക്കോ പോലീസിനോ കുലുക്കമില്ല. മല്ലപ്പുഴശേരി പഞ്ചായത്തിലെ അനധികൃത പാടം നികത്തൽ ഇടത് സൈബർ ഗ്രുപ്പുകളിൽ സജീവമായിട്ടും കയ്ച്ചിട്ട് ഇറക്കാനും തുപ്പാനും കഴിയാത്ത അവസ്ഥയിൽ പ്രാദേശിക നേതൃത്വം. നിലം നികത്തൽ സംബന്ധിച്ച് നിരവധി പരാതികൾ നേരിട്ടും രേഖാമൂലവും ലഭിച്ചിട്ടും വില്ലേജ്, റവന്യു അധികൃതർക്കും അനക്കമില്ല.
നിലം നികത്തലിന് നേതൃത്വം നൽകുന്നത് റവന്യു മന്ത്രിയുടെ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ആയതിനാലാണ് ഇവർ മിണ്ടാത്തതെന്നാണ് സൈബർ സഖാക്കളുടെ ആരോപണം. എന്തായാലും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മല്ലപ്പുഴശേരിയിൽ നികത്തിയത് ഏക്കർ കണക്കിന് പാടശേഖരമാണ്. രാത്രിയും പകലുമായി ടിപ്പറുകളിൽ മണ്ണടിക്കുകയും അടുത്തിടെ വരെ നെൽ കൃഷി ഉണ്ടായിരുന്ന പാടത്തിൽ വർഷങ്ങൾ പഴക്കമുള്ള തെങ്ങും മരങ്ങളും കിളിർക്കുകയുമാണ്. മല്ലപ്പുഴശേരി പഞ്ചായത്തിലാണ് ആറന്മുള പോലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നതെങ്കിലും ഇവരും ഇതൊന്നും കാണുന്നില്ല. ഗ്രാമപഞ്ചായത്തിൽ ആകട്ടെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ലാത്ത അവസ്ഥയുമാണ്. ഉപതെരഞ്ഞെടുപ്പിലൂടെ അടുത്തിടെ വിജയിച്ച സി.പി.ഐ അംഗം വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കാണ് ചുമതല. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന പഞ്ചായത്തിൽ സ്വതന്ത്രയെ പ്രസിഡന്റാക്കിയാണ് ഇടതു മുന്നണി ഭരണം നടത്തി വരുന്നത്. അടുത്തിടെ സ്വതന്ത്രയായ പ്രസിഡന്റും സി.പി.എമ്മിലെ വൈസ് പ്രസിഡന്റും രാജി വച്ചതോടെ നാഥനില്ലാത്ത അവസ്ഥയിലുമായി.

ഇതോടെ ആണ് വ്യാപകമായി നിലം നികത്തൽ നടക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടതു പക്ഷക്കാർ തന്നെ പറയുന്നത്. സി.പി.എം, സി.പി.ഐ നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിക്കുന്നുമില്ല. കടവന്ത്ര മഠം ക്ഷേത്രത്തിന് സമീപമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ കെട്ടിട അവശിഷ്ടങ്ങളും മറ്റും തള്ളിയത്. നേരത്തെ ഇതേ ശ്രമം നടന്നപ്പോൾ സി.പി.എം കൊടികുത്തി പ്രതിഷേധിച്ചിരുന്നു. ഈ പ്രദേശത്തെ നികത്തലിനു എതിരെ പോലീസിലും വില്ലേജിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. നിലം നികത്തലും കൈയേറ്റവും വ്യാപകമായിരുന്ന മല്ലപ്പുഴശേരിയിൽ ഇടക്ക് ഇതിനൊരു കുറവ് ഉണ്ടായിരുന്നു. ഇപ്പോൾ വലിയ തോതിൽ നിലം നികത്തുന്നു. കഴിഞ്ഞ പ്രളയ കാലത്ത് ഏറ്റവും അധികം വെള്ളം ഉയരുകയും റോഡുകൾ മുറിഞ്ഞു ഗതാഗതം തടസപ്പെടുകയും ചെയ്ത സ്ഥലം കൂടിയാണിത്. ഏറെക്കാലമായി ഭരണ കക്ഷികളുടെ ഒത്താശയോടെ പഞ്ചായത്തിലുട നീളം നിലം നികത്തുന്നതായി പരാതി ഉയർന്നിരുന്നു. പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും ഇക്കാര്യത്തിൽ പ്രതികരിക്കാതെ വന്നതോടെ നികത്തൽ വ്യാപകമാവുകയും ചെയ്തു. ഇതാണ് ഇപ്പോൾ കൃഷി ചെയ്യുന്ന പാടം വരെ എത്തിയത്.
ഇതിലെല്ലാം വലിയ സാമ്പത്തിക ഇടപാടുകൾ ഭരണ പ്രതിപക്ഷ നേതാക്കൾക്കെതിരെ അണികൾ തന്നെ ഉയർത്തുന്നുണ്ട്. അനധികൃത നികത്തലിന് അനുമതി നൽകുകയാണ് മാറി മാറി വരുന്ന ഇടതു വലത് മുന്നണികളുടെ ഭരണകാലത്തു നടന്നത്. സാമുദായികവും കുടുംബ പരവുമായ ഒത്തു തീർപ്പുകളാണ് പലപ്പോഴും രാഷ്ര്ടീയത്തെക്കാൾ ഇവിടെ മുന്നിൽ നിൽക്കുന്നത്. ഇത് മിക്ക വികസനങ്ങൾക്കും തടസമാവുകയും ചെയ്യുന്നു. ഇതിനു പിന്നാലെയാണ് ഒത്തു തീർപ്പോടെ നികത്തലുകളും അനധികൃത നിർമ്മാണങ്ങളും നടക്കുന്നത്.


