സന്നിധാനം – പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശന പുണ്യത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പിഴവില്ലാത്ത ഏകോപനവുമായി ഭക്തലക്ഷങ്ങൾക്ക് സുഖദർശനമൊരുക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല. സംസ്ഥാന സർക്കാരും ദേവസ്വം അധികൃതരും വിവിധ വകുപ്പ് ജീവനക്കാരും സന്നദ്ധ സംഘടനകളും ചേർന്ന് സമഗ്രമായ തയാറെടുപ്പുകളാണ് പൂർത്തിയാകുന്നത്. ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സൂരജ് ഷാജിയുടെയും സ്പെഷ്യൽ ഓഫീസർ സുജിത് ദാസിന്റെയും നേതൃത്വത്തിൽ മകരവിളക്കുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തി. നേരത്തേ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ മകരവിളക്കിനായി ഭക്തർ തമ്പടിക്കുന്ന പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. ജ്യോതി ദർശനത്തിനായി എത്തുന്ന ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുന്നതിനുളള പ്രവർത്തനങ്ങളാണ് പൂർത്തിയാക്കുന്നത്.
മകരവിളക്കിനെക്കുറിച്ചു ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് സംസാരിക്കുന്നു-വീഡിയോ👆
മകരജ്യോതി ദർശനത്തിനായി പത്ത് വ്യൂ പോയിന്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പാണ്ടിത്താവളം, വാട്ടർടാങ്കിന് മുൻവശം, മരാമത്ത് കോംപ്ലക്സിന് മുൻവശത്തെ തട്ടുകൾ, ബി എസ് എൻ എൽ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം-മുകൾ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിനു മുൻവശം, ഇൻസിനറേറ്ററിനു മുൻവശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകൾ. ഇവിടങ്ങളിൽ തമ്പടിക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ആവശ്യമായ പ്രകാശ ക്രമീകരണം ഏർപ്പെടുത്തും. ജനുവരി 14, 15 തീയതികളിൽ ഭക്തർക്കായി സൗജന്യഭക്ഷണ വിതരണവും ഏർപ്പെടുത്തിയിട്ടുണ്ട്. പതിവായി നടത്തുന്ന അന്നദാനത്തിനു പുറമേയാണിത്. ചുക്ക് വെള്ള വിതരണത്തിനായി 66 പോയിന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭക്തർക്ക് വിതരണം ചെയ്യുന്നതിനുള്ള ബിസ്കറ്റ് പാക്കറ്റുകളും ശേഖരിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
മകരജ്യോതി ദർശനത്തിനുള്ള വ്യൂ പോയിന്റുകളിലൊന്നായ കൊപ്രാക്കളത്തിൽ ഭക്തർക്ക് ജ്യോതി ദർശനം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കും. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ഈ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കും. ഭക്തജനങ്ങൾ കൂടുതലായി എത്തുന്ന മകരവിളക്ക് ദിവസങ്ങളിൽ ട്രാക്ടർ നീക്കത്തിനും നിയന്ത്രണമുണ്ടാകും. മാലിന്യനീക്കം സുഗമമായി നടത്തുന്നതിന് പ്രത്യേക ജാഗ്രത പുലർത്തുന്നു. ഈച്ച ശല്യം ഇല്ലാതാക്കുന്നതിനായി സ്പ്രെയിംഗ് ഊർജിതമാക്കിയിട്ടുണ്ട്. ഫോഗിംഗും വിവധ പ്രദേശങ്ങൾ അണുവിമുക്തമാക്കുന്നതിനും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
സന്നിധാനത്ത് പുകവലിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും. ബാരിക്കേഡുകൾ കൃത്യമായ സ്ഥാപിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കും. വനത്തിലൂടെ നുഴഞ്ഞു കയറി മല കയറുന്നത് തടയുന്നതിന് മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കും. ഇഴജന്തുക്കളിൽ നിന്നും വിഷച്ചെടികളിൽ നിന്നും ജാഗ്രത പാലിക്കേണ്ടതാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് മകരവിളക്ക് ദർശനവുമായി ബന്ധപ്പെട്ട് പൂർത്തിയാക്കിയിരിക്കുന്നത്.
800 ബസുകളുമായി കെ.എസ്.ആർ.ടി.സി
മകരവിളക്കിന്റെ ഭാഗമായി ജനുവരി 15 ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നുമായി 800 ബസ്സുകൾ പമ്പയിൽ എത്തിക്കും. മകരജ്യോതി ദർശനം കഴിഞ്ഞിറങ്ങുന്ന തീർത്ഥാടകർക്കായി കൂടുതൽ ചെയിൻ ദീർഘ ദൂര സർവ്വീസുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കെ എസ് ആർ ടി സി പമ്പ സ്പെഷ്യൽ ഓഫീസർ ടി. സുനിൽകുമാർ അറിയിച്ചു. പമ്പ ഹിൽ ടോപ്പുമുതൽ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസ്സുകൾ ഇടതടവില്ലാതെ സർവ്വീസ് നടത്തും. ഉത്സവേശേഷം നടയടക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവ്വീസുകളും 21 ന് പുലർച്ചെ 4 മണി വരെ ദീർഘ ദൂര സർവ്വീസുകളും ഒരുക്കും.
നിലവിൽ പമ്പയിൽ നിന്ന് ആരംഭിക്കുന്ന ദീർഘദൂര ബസ്സുകൾ സീറ്റ് നിറഞ്ഞാൽ നിലക്കൽ സ്റ്റാൻഡിൽ കയറാതെയാണ് പോകുന്നത്. കൃത്യമായി ഇതുമായി ബന്ധപ്പെട്ട അനൗൺസ്മെന്റ് നടത്തിയാണ് ആളുകളെ കയറ്റുന്നത്. ഈ ബസുകളിൽ നിലക്കൽ സ്റ്റാൻഡിൽ നിന്നുള്ളവർക്ക് കയറണമെങ്കിൽ നിലക്കൽ-പമ്പ ചെയിൻ സർവീസ് നടത്തുന്ന ബസുകളിൽ കയറാം. കാര്യം ധരിപ്പിച്ചാൽ സൗജന്യമായി തന്നെ ചെയിൻ സർവീസ് നടത്തുന്ന ബസ്സിൽ കയറി താഴെ പ്രധാന റോഡിൽ എത്താം. അങ്ങനെ പമ്പയിൽ നിന്ന് വരുന്ന ദീർഘദൂര സർവീസുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.
ആരോഗ്യവകുപ്പ് സജ്ജം
മകരവിളക്ക് ഉത്സവമായ ബന്ധപ്പെട്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ എല്ലാം ആരോഗ്യവകുപ്പും പൂർത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് ദർശനത്തിനായി എത്തുന്ന ഭക്തജന തിരക്ക് കണക്കിലെടുത്ത് സന്നിധാനത്തെ ആരോഗ്യ കേന്ദ്രത്തിനു പുറമേ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കാര്യാലയത്തിന് സമീപം താൽക്കാലിക സംവിധാനവും ഒരുക്കും. ഇവിടെ ഒരു ഡോക്ടറുടെയും അനുബന്ധ ഉദ്യോഗസ്ഥരുടെയും സേവനമാണ് ഉണ്ടാവുക. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഭക്തർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുക.നിലവിൽ സന്നിധാനത്ത് 12 ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. ആവശ്യമായ മരുന്നും മറ്റു ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മെഡിക്കൽ ഓഫീസർ ഡോ.നിതിൻ തോംസൺ പറഞ്ഞു.
പ്രതിരോധമേകാൻ ഹോമിയോ
മകരവിളക്കിനോടനുബന്ധിച്ച് സുസജ്ജമാണ് ഹോമിയോപ്പതി വകുപ്പ്. നടപ്പന്തലിന്റെ തുടക്കത്തിൽ തന്നെ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിൽ മകരവിളക്കിന് മുന്നോടിയായി കൂടുതൽ മരുന്നുകളും എത്തിച്ചിട്ടുണ്ട്. രണ്ട് ഡോക്ടർമാരും രണ്ട് അറ്റൻഡർമാരും രണ്ട് ഫാർമസിസ്റ്റുകളും ഒരു പിടിഎസുമടക്കം ഏഴ് ജീവനക്കാരാണ് സേവനത്തിനുള്ളത്. ദിവസേന 100 മുതൽ 110 രോഗികൾ വരെ ചികിത്സ തേടിയെത്താറുണ്ടെന്ന് ചാർജ് ഓഫീസർ ഡോ. ദിലീപ് ചന്ദ്രൻ പറഞ്ഞു. മണ്ഡല മകരവിളക്ക് സീസൺ ആരംഭിച്ചതിനു ശേഷം ഇതുവരെ ഏഴായിരത്തിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയത്. വൈറൽ പനി, അലർജി, ശ്വാസതടസം, വാതസംബന്ധമായ രോഗങ്ങൾ, ഛർദ്ദി, അതിസാരം തുടങ്ങിയ രോഗങ്ങൾക്കാണ് കൂടുതൽ രോഗികളുമെത്തുന്നത്. പത്ത് ദിവസം വീതമുള്ള എഴ് ഘട്ടങ്ങളായാണ് ഡോക്ടർമാരുടെ ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് മൊത്തമായി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുമുണ്ട്.
മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ച് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ദിലീപ് ചന്ദ്ര൯ സംസാരിക്കുന്നു.
ആശ്വാസമായി ആയുർവേദം
മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിലും കൂടുതൽ മരുന്നുകൾ എത്തിച്ചിട്ടുണ്ട്. എട്ട് ഡോക്ടർമാരും അഞ്ച് തെറാപ്പിസ്റ്റുകളും നാല് ഫാർമസിസ്റ്റുകളും ആറ് സപ്പോർട്ടിംഗ് ജീവനക്കാരുമടക്കം ആകെ 23 പേരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നവംബർ 16 മുതൽ ജനുവരി 12 വരെയുള്ള കണക്ക് പ്രകാരം 57000 പേരാണ് ഇവിടെ ചികിത്സ തേടിയത്. ശ്വാസ തടസം, പനി, പേശീവേദന എന്നിവയ്ക്കായാണ് കൂടുതൽ രോഗികളുമെത്തുന്നതെന്ന് ചാർജ് ഓഫീസർഡോ. ശ്യം സുന്ദർ പറഞ്ഞു. ഇൻഫ്രാറെഡ് ഉപയോഗിച്ചുള്ള മസാജിംഗ് ചികിത്സയും പൂർണ്ണമായും സൗജന്യമായി ഇവിടെ ലഭിക്കും.
കുടിവെള്ളം ഉറപ്പാക്കും
മകരവിളക്ക് കണക്കിലെടുത്ത് സന്നിധാനത്തും മറ്റ് ബന്ധപ്പെട്ട പ്രദേശങ്ങളിലും ആവശ്യമായ കുടിവെള്ളം ഉറപ്പാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഹിൽടോപ്പിലും മറ്റ് സാധാരണയായി മകരവിളക്ക് ദർശനത്തിനായി ഭക്തർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും കുടിവെള്ളം ഉറപ്പാക്കും. നിലക്കലിലെ തിരക്ക് പരിഗണിച്ച് പമ്പയിൽ നിന്ന് കൂടുതൽ ടാങ്കറുകൾ അവിടെ എത്തിക്കമെന്നും അസിസ്റ്റന്റ് എൻജിനീയർ പ്രദീപ്കുമാർ പറഞ്ഞു.
പ്രത്യേക വെളിച്ച സംവിധാനങ്ങളൊരുക്കി കെ.എസ്.ഇ.ബി
ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബിയുടെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുക, ആവശ്യമായ ഇടങ്ങളിൽ വെളിച്ചം ക്രമീകരിക്കുക എന്നീ ചുമതലകളാണ് പ്രധാനമായും കെ.എസ്.ഇ.ബി നിർവഹിക്കുന്നത്.
മകരവിളക്ക് ദർശനത്തിനായി അയ്യപ്പഭക്തർ സാധാരണ തമ്പടിക്കുന്ന പാണ്ടിത്താവളം, ഒരുക്കുഴി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇതിനോടകം പ്രത്യേകം വെളിച്ചം ക്രമീകരിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത് പ്രകാരം കൂടുതൽ സ്ഥലങ്ങളിൽ വെളിച്ചം ഒരുക്കുമെന്ന് കെ.എസ്.ഇ.ബിയുടെ നോഡൽ ഓഫീസർ ആർ. ബിജുരാജ് പറഞ്ഞു. വൈദ്യുതിയുടെയും വെളിച്ചത്തിന്റെയും കാര്യത്തിൽ മകരവിളക്ക് പ്രമാണിച്ച് പ്രത്യേക ജാഗ്രതയാണ് പുലർത്തുന്നത്.
മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ച് എഡിഎം സൂരജ് ഷാജി സംസാരിക്കുന്നു-വീഡിയോ👆
പരിശോധന ശക്തമാക്കി വനം വകുപ്പ്
മകരജ്യോതി ദർശനത്തിനായി വനാതിർത്തികളിൽ തമ്പടിക്കുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനം വകുപ്പ് രാത്രിയിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കി. ഭക്തർ അനുവദനീയമായ പ്രദേശം വിട്ട് വനത്തിനുള്ളിലേക്ക് കയറുന്നുണ്ടെങ്കിൽ തടയും. ടെന്റ്, കുടിൽ കെട്ടാനുള്ള സാമഗ്രികൾ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായി വനത്തിൽ പ്രവേശിക്കുന്നത് കർശനമായി തടയുകയും സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്യും.
സത്രം – പുല്ലുമേട് റൂട്ടിലെ ആർ.ആർ.ടി അംഗങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തിയിട്ടുണ്ട്. എലഫന്റ് സ്ക്വാഡ് നിലവിൽ സജീവമായി തന്നെ രംഗത്തുണ്ട്. എമർജൻസി റെസ്ക്യൂ സർവീസും കാര്യക്ഷമമാണ്. സന്നിധാനത്ത് 120 പേരാണ് വനം വകുപ്പിൽ നിന്ന് ഡ്യൂട്ടിയിൽ ഉള്ളത്. ആവശ്യമെങ്കിൽ മറ്റ് അധിക ക്രമീകരണങ്ങൾ കൂടി ഏർപ്പെടുത്തും എന്ന് ശബരിമല സെക്ഷൻ ഓഫീസർ രാജീവ് രഘുനാഥ് പറഞ്ഞു.
അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ നിതാന്ത ജാഗ്രതയുമായി അഗ്നിശമനസേന
മകരവിളക്ക് ഉത്സവം പ്രമാണിച്ച് നിതാന്ത ജാഗ്രതയിലാണ് അഗ്നിശമനസേന. സന്നിധാന പരിസരത്തും മറ്റു ബന്ധപ്പെട്ട ഇടങ്ങളിലും എല്ലാം തീപിടുത്ത സാഹചര്യമൊഴിവാക്കാൻ കർശന പരിശോധനകളും നടപടികളുമാണ് സ്വീകരിക്കുന്നത്. സന്നിധാനത്തെ ഫയർ ഹൈഡ്രന്റകൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെ ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും സിലിണ്ടറുകളുടെ പരിശോധന ഇതിനോടകം നടത്തി. ഇതുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസുകളും ബോധവൽക്കരണവും നൽകുന്നുണ്ട്.
കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കാൻ 24 മണിക്കൂറും സജ്ജരായിരിക്കുന്ന സ്ട്രക്ചർ ടീമും അഗ്നിശമന സേനയുടെ കീഴിൽ സജീവമാണ്. സോപാനത്തും സന്നിധാനത്തും മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെയും ഇവരുടെ സേവനമുണ്ടാകും. പുല്ലുമേട്, സത്രം പോയിന്റുകളിൽ 10 വീതം ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ടെന്നും ഫയർഫോഴ്സ് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. വിവിധ പോയിന്റ്റുകളിലായി 259 പേരുടെ സേവനമാണ് മകരവിളക്ക് സമയത്ത് ഒരുക്കിയിരിക്കുന്നത്. ഇതിൽ സിവിൽ ഡിഫൻസ് വൊളണ്ടിയർമാരും ആപ്ത മിത്ര വൊളണ്ടിയർമാരും ഉൾപ്പെടുന്നു.
മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ച് സ്പെഷ്യൽ ഓഫീസ൪ സുജിത് ദാസ് സംസാരിക്കുന്നു-വീഡിയോ👆
കർശന പരിശോധന
പർണ്ണശാല കെട്ടുന്ന സ്ഥലങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇവിടെങ്ങളിൽ പാചകം ചെയ്യുന്നതിനും തീ കൂട്ടുന്നതിനും കർശന നിയന്ത്രണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ ബോധവത്കരണ അനൗൺസ്മെന്റുകളും നടത്തുന്നു. പചാകം ചെയ്യുന്നതിനുള്ള വലിയ പാത്രങ്ങൾ കടകളിൽ നിന്ന് നീക്കം ചെയ്യാ9 നിർദേശം നൽകിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സക്വാഡുകൾ സജീവമായി രംഗത്തുണ്ട്.


