ന്യൂഡൽഹി: സൊമാലിയൻ തീരത്തു കടൽക്കൊള്ളക്കാർ റാഞ്ചിയ ”എം.വി. ലിലാ നോർഫോക്ക്” എന്ന ലൈബീരിയൻ ചരക്കുകപ്പൽ സാഹസികമായ ഓപ്പറേഷനിലൂടെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേനാ കമാൻഡോകൾ. കപ്പലിനെ വളഞ്ഞു കമാൻഡോകൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കടൽക്കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ചുപോയി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നാവികസേനയുടെ കമാൻഡോകളായ ‘മാർകോസ്’ ആണ് ഓപ്പറേഷൻ നടത്തിയത്.
നാവികസേനാ യുദ്ധക്കപ്പലായ ഐ.എൻ.എസ്. ചെെന്നെ കേന്ദ്രീകരിച്ചായിരുന്നു രക്ഷാദൗത്യം. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യൻ യുദ്ധകപ്പലിൽ നിന്ന് ഹെലികോപ്റ്ററയച്ച് കടൽകൊള്ളക്കാർക്ക് കപ്പൽവിട്ടുപോകാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ കമാൻഡോകൾ ചരക്കുകപ്പലിൽ പ്രവേശിച്ചു. മുകളിലെ ഡെക്കിൽ പരിശോധന പൂർത്തിയാക്കിയ കമാൻഡോകൾ രണ്ടാമത്തെ ഡെക്കിൽ കടന്നതായി നാവികസേന സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കപ്പൽ മോചിപ്പിച്ചതായി അറിയിപ്പ് വന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

