തൃശൂർ – ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ തുടക്കം.. ബിജെപിയും, മഹിളാമോർച്ചയും സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിലും റോഡ് ഷോയിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് രണ്ടിന് കുട്ടനെല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ കളക്ടർ വി ആർ കൃഷ്ണ തേജ സ്വീകരിക്കും. തുടർന്ന് ഒരു കിലോമീറ്ററോളം റോഡ്ഷോയായി സമ്മേളന നഗരിയിലെത്തും. നായ്‌ക്കനാൽ കവാടം വഴിയാണ് പ്രധാനമന്ത്രി വേദിയിൽ പ്രവേശിക്കുക. മൂന്നു മണിക്ക് സ്ത്രീശക്തി സംഗമത്തിനു തുടക്കമാകും. എൻഡിഎ ദേശീയ-സംസ്ഥാന നേതാക്കൾക്കു പുറമേ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ, സിനിമാ താരങ്ങൾ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൃശൂർ നഗരത്തിൽ സുരക്ഷ കർശനമാക്കി. മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചു….
ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. തെക്കേഗോപുര നട, മണികണ്ഠനാൽ, നടുവിലാൽ വഴിനായ്‌ക്കനാലിൽ സമാപിക്കും. മൂന്നിന് തേക്കിൻകാട് മൈതാനിയിൽ രണ്ട് ലക്ഷം വനിതകളുടെ സംഗമത്തിൽ പ്രധാനമന്ത്രി സംസാരിക്കും.
ചലച്ചിത്ര നടി ശോഭന, ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ എം.പി, ക്രിക്കറ്റ് താരം മിന്നു മണി, ക്ഷേമപെൻഷൻ സമര നായിക മറിയക്കുട്ടി, സാമൂഹ്യപ്രവർത്തക ഉമ പ്രേമൻ, വെച്ചൂർ പശുക്കൾക്കായി ജീവിതം ഉഴിഞ്ഞു വച്ച ഡോ. ശോശാമ്മ ഐപ്പ്, വ്യവസായ പ്രമുഖ ബീന കണ്ണൻ തുടങ്ങിയ പ്രമുഖ വനിതകൾ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും.
കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവ്ദേക്കർ എം.പി, രാധാമോഹൻ അഗർവാൾ എം.പി, ദേശീയ നേതാക്കളായ എ പി അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സുരേഷ് ഗോപി, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമാർ തുടങ്ങി നാൽപ്പതോളം പേർ വേദിയിലുണ്ടാകും. നാലരയോടെ മോദി നെടുമ്പാശേരിയിലേക്ക് മടങ്ങും.
കർശനമായ സുരക്ഷയിലാണ് തൃശൂർ. നഗരം എസ് പി ജി നിയന്ത്രണത്തിലാണ്. ഇന്നലെ കുട്ടനെല്ലൂരിൽ നിന്ന് എസ് പി ജിയുടെയും സിറ്റി പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ട്രയൽ റൺ നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ 101കലാകാരന്മാർ വാദ്യവിസ്മയവും ഒരുക്കി. ഇന്ന് രാവിലെ മുതൽ ഗതാഗത നിയന്ത്രണമുണ്ട്.


