തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി സിൽവർ ലൈൻ വിരുദ്ധ സമരസമിതി. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കണം, മഞ്ഞക്കുറ്റികൾ മാറ്റണം, കേസുകൾ റദ്ദാക്കണം, അറസ്റ്റിലായവർക്ക് നഷ്‌ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി നിവേദനം നൽകിയത്. സിൽവർ ലൈൻ പദ്ധതിക്കായി അഞ്ച് വർഷം മുമ്പിട്ട മഞ്ഞക്കുറ്റി കാരണം ഒരു ലോണോ സ്ഥലം വില്പനയോ നടത്താൻ കഴിയാതെ വലയുകയാണ് പലരും. സിൽവർ ലൈൻ പദ്ധതി ഉപേഷിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
ഇതിനു പിന്നാലെ പിണറായി സർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ സിൽവൽ ലൈൻ പദ്ധതി പിൻവലിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തീരുമാനിച്ചു. പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം റദ്ദാക്കി.
കെ റെയിൽ വിജ്ഞാപനം റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചതിന് പിന്നാലെ മധുരം വിതരണം ചെയ്ത് സമരസമിതി അംഗങ്ങൾ; കാട്ടിലപ്പീടികയിലും കല്ലായിയിലും ആഘോഷം. സിൽവർലൈൻ പദ്ധതി പിൻവലിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ സമരസമിതികൾ സ്വാഗതം ചെയ്യുകയാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം. സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശവും നൽകി.


