ലക്‌നൗ – യുപിയിലെ പ്രധാന മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ ഒന്നായ ലക്‌നൗ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവെഴ്സിറ്റിയിൽ ജോലി ചെയ്യുന്ന പുതുപ്പള്ളിക്കാരൻ അജേഷ് കെ മണിയാണ് ഈ അവാർഡിന് അർഹനായത് !
നേഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം പലപ്പോഴായി തനിക്കരികിൽ കൂടി കടന്നുപോയ ആലംബഹീനരായ മനുഷ്യർക്ക് കൈത്താങ്ങാകാനും, അവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാനും അജേഷിന് കഴിഞ്ഞിരുന്നു. അജേഷിന്റെ സാമൂഹിക പ്രതിബദ്ധത നേരിട്ടറിയാമായിരുന്ന ഹോസ്പിറ്റലിലെ ന്യൂറോസർജ്ജറി ഹെഡ്ഡായ ഡോ. ബികെ ഓജ യാണ് അജീഷിനെ ഈ പുരസ്‌കാരത്തിനായി നിർദ്ദേശിച്ചത്.
22/12/2023 ൽ , കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അടൽ ബിഹാരി വാജ്പെയ് സയന്റിഫിക്ക് കൺവെൻഷൻ സെന്ററിൽ നടന്ന 119- മത് കെജിഎംയു ഫൗണ്ടേഷൻ ഡേയിൽ നടന്ന ചടങ്ങിലാണ് അജേഷിന് “SDK Distinguished Nurse Award ” ലഭിച്ചത്. ത്രിപുര മുഖ്യമന്ത്രി ശ്രീ മണിക്ക് സാഹ മുഖ്യ അഥിതിയായ ചടങ്ങിൽ ഉത്തർ പ്രദേശ് ഡെപ്യുട്ടി ചീഫ് മിനിസ്റ്ററും ക്യാബിനറ്റ് മിനിസ്റ്ററുമായ ശ്രീ ബ്രിജെഷ് പാഠക്ക് , കെജിഎംയു വൈസ് ചാൻസിലർ പ്രൊഫ സോണിയ നിത്യാനന്ദ് , മുൻ വൈസ് ചാൻസിലർ ലെഫ്റ്റൻന്റ് ജനറൽ (retd) പ്രൊഫ ബിപിൻ പുരി , ഡീൻ അക്കാഡമിക്ക് പ്രൊഫ അമിത ജെയിൻ , കെജിഎംയു ചീഫ് മെഡിക്കൽ സൂപ്പിരിന്റന്റ് ഉം ന്യൂറോസർജറി വിഭാഗം തലവനുമായ പ്രൊഫ ബി കെ ഓജ , കെജിഎംയു പ്രോക്ട്ടർ പ്രൊഫ ചെതിജ് ശ്രീവാസ്സ്തവ ,കൂടാതെ മറ്റ് വിഭാഗം തലവൻമാരും വിശിഷ്ഠ അതിഥികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
2017 ൽ അടൂർ പന്നിവിഴയിലുള്ള ജോബ് എന്ന മനുഷ്യൻ അജേഷ് ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ വാഹനാപകടത്തെ തുടർന്ന് അഡ്മിറ്റ് ആകുന്നത്. ഈ ജോബ് മലയാളി ആണെന്നറിഞ്ഞ നിമിഷം മുതൽ അജേഷും മലയാളി സുഹൃത്തുക്കളുടെയും സഹായം ആ മനുഷ്യനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സഹായിച്ചു. പക്ഷെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ആകുന്ന സമയമായപ്പോഴാണ് ഈ ജോബ് എന്ന മനുഷ്യൻ ബന്ധുക്കൾ ഒന്നുമില്ലാതെ മാനസികമായി തകർന്ന നിലയിലാണ് എന്നറിഞ്ഞത്. ഏതാണ്ട് മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു നാടുവിട്ട ആളായിരുന്നു മുൻ സൈനികൻ കൂടിയായിരുന്ന ജോബ്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന പത്തനംതിട്ട മീഡിയ എന്ന ഫേസ്‌ബുക്ക് പേജ് വഴി ഞാനുമായി ബന്ധപ്പെടുകയും ജോബിന്റെ ബന്ധുക്കളെ തേടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും, നേരിട്ട് അടൂരിലെ പന്നിവിഴയിൽ അന്വേഷണം നടത്തുകയും ചെയ്തു. പന്നിവിഴ പെട്രോൾ പമ്പിന് സമീപം താമസിച്ചിരുന്ന ഫെലിക്സ് എന്ന ജോബിന്റെ മകനും കുടുംബവും അവിടുത്തെ സ്ഥലമൊക്കെ വിറ്റു എങ്ങോട്ടോ പോയിരുന്നു . ബന്ധുക്കളെ കണ്ടെത്താനാകാതെ അവസാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ സാറിന്റെ സഹായത്തോടെ കോട്ടയത്തെ നവജീവനിൽ ജോബ് അച്ചായനെ സുരക്ഷിതമായി എത്തിക്കാൻ അജേഷിന് കഴിഞ്ഞു.
യുപിയിൽ നിന്ന് മാനസിക നില ഭദ്രമല്ലാത്ത ഒരു മനുഷ്യനെ നാട്ടിലേക്കെത്തിക്കാൻ അജേഷ് ഏറ്റെടുത്ത ദൗത്യം വളരെ വലുതായിരുന്നു. കേരളത്തിലേക്ക് വരാൻ ഒട്ടും താല്പര്യമില്ലാതിരുന്ന മനുഷ്യനെ സ്നേഹത്തോടെ ട്രെയിനിൽ കയറ്റി, സഹായത്തിനായി അജേഷിന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു ഹിന്ദിക്കാരൻ പയ്യൻ വിശാലും , നേരത്തെ എയർ ആംബുലൻസ് അടക്കം ഞങ്ങൾ ആലോചിച്ചെങ്കിലും യാതൊരു രേഖകളും കയ്യിലില്ലാത്ത ഈ മനുഷ്യനെ അങ്ങനെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് മനസിലായതിനാൽ അതുപേക്ഷിച്ചു. കണ്ണടക്കാതെ മൂന്ന് ദിവസം ട്രെയിനിൽ . ഇടക്ക് ട്രെയിനിൽ നിന്നിറങ്ങിപ്പോകാൻ വരെ ശ്രമിച്ച ജോബ് അച്ചായൻ. അവസാനം സുരക്ഷിതമായി കോട്ടയത്ത് എത്തിക്കുകയും ഇപ്പോഴും നവജീവനിൽ സുരക്ഷിതമായി കഴിയുകയും ചെയ്യുന്നു ജോബ് അച്ചായൻ.

പിന്നീട് 2020 ൽ കോവിഡ് ന്റെ മൂർദ്ധന്യ അവസ്ഥയിൽ കൊല്ലം സ്വദേശിയായ ശശിധരൻ പിള്ള എന്ന മനുഷ്യനെ, യുപിയിലെ തന്നെ രാംപൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ കമ്പനി അധികൃതർ കെജിഎംയു ആശുപത്രി പരിസരത്തു ഉപേക്ഷിച്ചു കടന്ന് കളയുകയയിരുന്നു .
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഹോസ്പിറ്റലിൽ അഡ്മിഷൻ പോലും കിട്ടാതെ വന്ന ഇദ്ദേഹത്തിനായി അടുത്ത ജില്ലയായ റായ്ബറേലി യിൽ നിന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് അജേഷിനെ ബന്ധപെട്ടത്, പക്ഷേ സഹായത്തിനായി അവർക്കും വരാൻ സാധിച്ചിരുന്നില്ല കോവിഡ് നിയന്ത്രണങൾ കാരണം.
ഗുരുതര രോഗങ്ങളാൽ ശശിധരൻ പിള്ള ആശുപത്രിയിൽ വന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കാരണം അഡ്മിഷൻ കിട്ടാതെ പോയി എങ്കിലും താമസിക്കാൻ ഉള്ള ഇടവും മൂന്നു നേരം ഭക്ഷണത്തിനുള്ള സംവിധാനവും അജേഷ് അടക്കമുള്ള മലയാളി നേഴ്‌സുമാർ ഏറ്റെടുക്കുകയായിരുന്നു.
അതിനു ശേഷമാണ് ഹൃദ്രോഗം അടക്കമുള്ള ഈ മനുഷ്യനും യുപിയിൽ താമസിക്കാൻ വീട് പോലുമില്ല എന്ന യാഥാർത്ഥ്യം മനസിലായത്. പിന്നീട് ഒരു മുറി ശരിയാക്കി കുറേനാൾ താമസിപ്പിക്കുകയും, അപ്പോൾ ഭക്ഷണം എത്തിക്കാൻ സേവാഭാരതി അടക്കം ഉള്ള സംഘടനകൾ അജേഷിന് ആശ്വാസമാവുകയായിരുന്നു .
പിന്നീട് എന്നോട് ബന്ധപ്പെടുകയും ശശിധരൻ പിള്ളയുടെ ബന്ധുക്കളെ കണ്ടെത്താൻ സോഷ്യമീഡിയയിലൂടെ ശ്രമം ആരംഭിക്കുകയും ചെയ്തു. പ്രമുഖ വാർത്താ മാധ്യമങ്ങൾ കൂടി ഈ വാർത്ത ഏറ്റെടുത്തതോടെ ശശിധരൻ പിള്ളയുടെ ബന്ധുക്കളെ കണ്ടെത്തുകയും യുപിയിൽ നിന്ന് നാട്ടിലേക്കെത്തിക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്റെ നിർദ്ദേശപ്രകാരം ഡൽഹിയിൽ ഉണ്ടായിരുന്ന ശ്രീ. അൽഫോൻസ് കണ്ണന്താനത്തിന്റെയും, സംഘടനയുടെ സഹായത്തോടെ ട്രെയിൽ ടിക്കറ്റ് സംഘടിപ്പിക്കുകയും അദ്ദേഹത്തെ സുരക്ഷിതമായി നാട്ടിൽ കുടുംബത്തിന്റെ അടുത്തേക്ക് എത്തിക്കുകയും ചെയ്തു. കോവിഡ് കാലത്ത് മുടങ്ങിക്കിടന്ന ട്രെയിൻ സർവ്വീസ് ആരംഭിച്ച സമയത്ത് ടിക്കറ്റ് കിട്ടാനും, ഒക്കെ ശ്രീ. അൽഫോൻസ് കണ്ണന്താനം ആണ് സഹായിച്ചത്. അങ്ങനെ അസുഖ ബാധിതനായ ഈ മനുഷ്യനെ നാട്ടിലേക്കെത്തിക്കാനും ഒക്കെ അജേഷ് നടത്തിയ ശ്രമങ്ങൾ അഭിനന്ദനീയമാണ്.
അജേഷിന്റെ ഈ സാമൂഹിക പ്രതിബദ്ധത അടുത്തറിയാമായിരുന്ന, ഈ കാര്യങ്ങളിൽ അജേഷിനെ സഹായിക്കുകയും ചെയ്ത ഡോ. ഓജയാണ് ഈ പുരസ്‌കാരത്തിനായി അജേഷിനെ നിർദ്ദേശിച്ചത്. ആദ്യമായി ഒരു മലയാളിക്ക് യുപിയിലെ പ്രമുഖ മെഡിക്കൽ കോളേജിൽ നിന്ന് കിട്ടുന്ന അംഗീകാരം. അഭിമാനമുണ്ട്.. സന്തോഷമുണ്ട് അജേഷിന്റെ ഈ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാകാൻ എനിക്കും കഴിഞ്ഞതിൽ. എപ്പോഴും ഒരു ചേട്ടനെപ്പോലെ എന്റെ ഉപദേശങ്ങൾ തേടിയിരുന്നത് ഞാൻ ഓർക്കുന്നു. സാമൂഹിക മാധ്യമം എന്നത് ലോകത്തെവിടെയുമുള്ള മലയാളികൾക്കും, മനുഷ്യർക്കും സഹായം ചെയ്യാനും, ആപത് ഘട്ടങ്ങളിൽ സഹായകരമാകാനും കഴിയും എന്ന് എനിക്ക് മനസ്സിലായി. ഏതാണ്ട് പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് ദുബായിൽ ആയിരുന്നപ്പോൾ തുടങ്ങിയ എന്റെ സാമൂഹിക മാധ്യമ ഇടപെടൽ
ഇന്നും തുടരുന്നു. സാമ്പത്തിക ലാഭേശ്ചയില്ലാതെ , അതിനിയും തുടരും. നമ്മുടെ രണ്ടു ഫേസ്‌ബുക്ക് പേജുകൾ ഹാക്ക് ചെയ്യപ്പെട്ടെങ്കിലും പിന്തുണയുമായി നിങ്ങൾ കൂടുള്ളപ്പോൾ പിന്നെ എന്തുവേണം. അതുതന്നെ ഞങ്ങളുടെ സന്തോഷം ;

അജേഷ് കെ മണിക്ക് ഹൃദയത്തിൽ നിന്നുമുള്ള അഭിനന്ദനനത്തിന്റെ പൂച്ചെണ്ടുകൾ..
ടീം പത്തനംതിട്ടക്ക് വേണ്ടി ,
ജിബു വിജയൻ ഇലവുംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

