സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച ബൈജു ചെറുകോട്ടയിലിൻ്റെ തീരുമാനം ധീരോദാത്തം: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്.

Kottayam
Print Friendly, PDF & Email

കോട്ടയം: തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടത്താൻ തീരുമാനിച്ച സർക്കാർ നടപടി പുനഃപരിശോധിക്കാത്തിൽ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച വിജയപുരം പഞ്ചായത്ത് അംഗം ബൈജു ചെറുകോട്ടയിലിൽ നിലപാട് ധീരോദാത്തവും അഭിനന്ദനാർഹവുമാണെന്ന് എൻസിഎംജെ സംസ്ഥാന കമ്മിറ്റി.

ഞായറാഴ്ച ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് പ്രാർത്ഥനാ ദിവസമാണ്. പള്ളി ആരാധനകളിലും കുർബ്ബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതായിരുന്നു ഈ തീരുമാനം.

ഇടവക ഭാരവാഹികളും സണ്ടേസ്കൂൾ അധ്യാപകരും അൾത്താരാ ശുശ്രൂഷകരും പള്ളി ക്വയർ അംഗങ്ങളും എന്ന നിലയിൽ പല പഞ്ചായത്ത് അംഗങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിരുന്നു കമ്മീഷൻ്റെ തീരുമാനം.

മാത്രമല്ല ഡിസംബർ 21 വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ( സെൻ്റ് തോമസ്) രക്തസാക്ഷി മരണം പ്രാപിച്ചതിൻ്റെ ഓർമ്മദിനം കൂടിയായിരുന്നു. യേശുക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് കാലത്തെ ഞായറാഴ്ചയ്ക്ക് വിശ്വാസികളെ സംബന്ധിച്ച് വലിയ പ്രാധാന്യവുമുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ സർക്കുലർ പിൻവലിച്ച് സത്യപ്രതിജ്ഞാ തീയതി മാറ്റിവെക്കണമെന്ന് NCMJ കമ്മീഷനോടും സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ സഭയുടെ നിലപാടും അന്തസ്സും ഉയർത്തിപ്പിടിച്ചതിൽ വിജയപുരം പഞ്ചായത്ത് അംഗം ബൈജുവിനെ മുക്തകണ്ഠം പ്രശംസിക്കുന്നുവെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ .പ്രകാശ് പി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *