നവകേരള സദസ്സിനെ ജനം നെഞ്ചേറ്റി: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala Pathanamthitta

കോന്നി – നവകേരളസദസ്സിനെ ജനം നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ വേദിയിൽ കോന്നി മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കനത്ത മഴയെത്തുടർന്ന് ജനങ്ങൾക്കുണ്ടായ പ്രയാസങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാനാണ് സർക്കാർ നവകേരള സദസ്സ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സദസ്സിനെ ജനങ്ങൾ ഏറ്റെടുത്തുവെന്നാണ് കഴിഞ്ഞ 30 ദിവസത്തെയും അനുഭവങ്ങൾ വ്യക്തമാക്കുന്നത്. 30 ദിവസവും വൻജനാവലിയെയാണ് ഞങ്ങൾ ഓരോ മണ്ഡലത്തിലും കണ്ടത്. നവകേരള സദസ്സിനെ ജനം നെഞ്ചേറ്റി എന്നാണ് ഇത് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ പൊതുസാഹചര്യങ്ങളാണ് ഈ വൻജനപങ്കാളിത്തത്തിന് ഇടയാക്കുന്നത്. ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കിയ ജനതയാണ് നാം. ലോകത്തിന് തന്നെ പലകാര്യങ്ങളിലും മാതൃകയായവരാണ് നാം. നമ്മൾ ഇതുവരെ നേടിയെടുത്തിടത്ത് നിന്ന് നമുക്ക് ഇനിയും മുന്നോട്ടുപോകണം. അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സംസ്ഥാനസർക്കാർ. ഇത് ജനസമക്ഷം അവതരിപ്പിക്കലും കേരളത്തിന്റെ മുന്നോട്ടുപോക്കിന് കേന്ദ്രസർക്കാർ ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തടസ്സങ്ങൾ തുറന്നുകാണിക്കലുമാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നത്. സഹായിക്കാൻ ബാധ്യതയുള്ള കേന്ദ്രസർക്കാർ ഇനി ഒരിഞ്ചു മുന്നോട്ട് പോകാൻ കേരളത്തെ അനുവദിക്കില്ല എന്ന സമീപനം സ്വീകരിക്കുകയാണ്. ഈ അനീതിക്കെതിരെയുള്ള നാടിന്റെ പ്രതികരണമാണ് നവകേരളസദസ്സിനെത്തുന്ന വൻജനസഞ്ചയമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കനത്ത മഴയുടെ പ്രയാസങ്ങളുള്ളതിനാൽ ദീർഘിപ്പിക്കുന്നില്ല എന്ന് പറഞ്ഞ് സദസ്സിന് അഭിവാദ്യം അർപ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങളാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും കേൾക്കാനുമായി കോന്നി നഗരത്തിലേക്ക് ഒഴുകിയെത്തിയത്.

കോന്നി എംഎൽഎയും സംഘാടക സമിതി ചെയർമാനുമായ അഡ്വ. കെ.യു ജനീഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആർ അനിൽ, മ്യൂസിയം, പുരാവസ്തു, തുറമുഖം മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു.

മറ്റു മന്ത്രിമാർ, ജില്ലാ കളക്ടർ എ ഷിബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശുചിത്വ പ്രതിജ്ഞയോടെയാണ് ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. കോന്നി തഹസിൽദാർ മഞ്ജുഷ സദസ്സിന് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കനൽ ബാൻഡും പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മയും ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി. സംഘാടക സമിതി കൺവീനർ രശ്മി മോൾ സ്വാഗതവും ഡപ്യൂട്ടി കളക്ടർ ജേക്കബ് ടി ജോർജ് നന്ദിയും പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *