*കനത്ത മഴയിലും ആവേശം ചോരാതെ വൻജനാവലി
* കോന്നി മണ്ഡലത്തിൽ അഭൂതപൂർവമായ തിരക്ക്
കോന്നി – നവകേരള നിർമിതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരളസദസ്സ് യാത്രയിൽ ജനസാഗരമായി അണിചേർന്ന് കോന്നി മണ്ഡലം. ഗജവീരന്മാരുടെ പ്രൗഢിയോടെ കോന്നി മണ്ഡലം നവകേരളസദസിനെ വരവേറ്റു.
കനത്ത മഴയുടെ പശ്ചാത്തലത്തിലും ജനബാഹുല്യമായിരുന്നു കോന്നി മണ്ഡലത്തിൽ. മുത്തുക്കുടകളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വീഥിയിലൂടെ ജനസാഗരത്തിന്റെ അകമ്പടിയോടെയാണ് കോന്നി മണ്ഡലം മന്ത്രിസഭയെ എതിരേറ്റത്. വേദിയിലേക്ക് ആദ്യമെത്തിയത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ഭക്ഷ്യമന്ത്രി ജി ആർ അനിൽ, പുരാവസ്തു – തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരായിരുന്നു.

നിമിഷങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം സദസ് നടക്കുന്ന കെഎസ്ആർടിസി മൈതാനത്തേക്ക് എത്തിയപ്പോൾ ജനങ്ങളുടെ ആവേശം ഇരട്ടിയായി. കരഘോഷങ്ങളും ആർപ്പുവിളികളും മുദ്രാവാക്യങ്ങളുമായാണ് കോന്നി മണ്ഡലം മുഖ്യമന്ത്രിയെ വേദിയിലേക്ക് എതിരേറ്റത്.
ഗജവീരൻമാരുടെ നാട്ടിലേക്ക് എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗജരൂപം നൽകിയാണ് സ്വാഗതം ചെയ്തത്.

നവകേരള സദസിനെത്തിയ ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നു. സഹായങ്ങൾക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കൽ ടീമും അക്ഷീണം പ്രവർത്തിച്ചു. ശുചീകരണത്തിനായി ഹരിതകർമ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പൊലീസ്, ഫയർഫോഴ്സ് സേനകൾ സുരക്ഷയ്ക്കായി സംവിധാനങ്ങൾ ഒരുക്കി.


