സര്‍ക്കാര്‍ കൂടെയുണ്ടെന്നുള്ളത് പ്രവര്‍ത്തനങ്ങളിലൂടെ കാണാന്‍ കഴിയും: മന്ത്രി കെ രാജന്‍

Kerala Pathanamthitta Politics

അടൂർ – സര്‍ക്കാര്‍ കൂടെയുണ്ടെന്നുള്ളത് പ്രവര്‍ത്തനങ്ങളിലൂടെ കാണാന്‍ കഴിയുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. വികസന, ക്ഷേമ പദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ജില്ലയിലെ അവസാന സദസ്സായ അടൂര്‍ മണ്ഡലത്തിലെ വൈദ്യന്‍സ് ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തകാലയളവില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. കൂടെ ഉണ്ട് എന്നുള്ളത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ അത് സാക്ഷാത്കരിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കാവശ്യമായ മികച്ച ചികിത്സയും ഭക്ഷണവും സാമ്പത്തിക സഹായവും നല്‍കിയ സര്‍ക്കാര്‍ ജനഹിതമറിഞ്ഞു പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ ചികിത്സ നല്‍കി ലോകത്തിനു തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൃത്യമായി നല്‍കിവരുന്ന സര്‍ക്കാരാണ് ഈ സംസ്ഥാനസര്‍ക്കാര്‍. കിഫ്ബിയുടെ പ്രവര്‍ത്തനത്തിലൂടെ നിരവധി വികസനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നല്‍കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കി. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി പട്ടയം നല്‍കുന്നതിന് വേണ്ടിയുള്ള പട്ടയമിഷന്‍ സര്‍ക്കാര്‍ രൂപപ്പെടുത്തുന്നുണ്ട്.

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനുളള ശ്രമങ്ങള്‍ നടക്കുമ്പോഴും ആ വെല്ലുവിളികളെ സധൈര്യം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *