തണ്ണിത്തോട് : ഏഴാമത് പരിഷ്കരിച്ച പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) കരട് വിജ്ഞാപനത്തിനെതിരെ തണ്ണിത്തോട് മലയോര നിവാസികളുടെ നേതൃത്വത്തിൽ സർവകക്ഷി പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കും. സെപ്റ്റംബർ 23 ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിലാണ് പരിപാടി. ബഹുജന പങ്കാളിത്തത്തോടെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനാ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.

തണ്ണിത്തോട് വില്ലേജിനെ ഇ.എസ്.എയുടെ ഏഴാമത് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയതിനെതിരെ ജനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ ഭൂമിയിൽനിന്നുള്ള കൃഷി, വാസസ്ഥലം, വ്യാപാരം തുടങ്ങിയ ജീവിതോപാധികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നതിനും പുതിയ സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ആശങ്കയാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഭൂമിയുടെയും മണ്ണിന്റെയും മൂല്യം കുറയൽ, ബാങ്ക് വായ്പകൾ ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തേയും, ഇതിന്റെ ഭാഗമായി വിദ്യാഭ്യാസം, വിവാഹം, ആസ്തി വികസനം തുടങ്ങിയ ജീവിതത്തിലെ പ്രധാന ആവശ്യങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നത് മലയോര നിവാസികളെ കടുത്ത ആശങ്കയിലാകുന്നു
ഇ.എസ്.എ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ചർച്ചയും ആവശ്യമാണ് . സർവകക്ഷി നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ റാലിയിലും പൊതുയോഗത്തിലും തണ്ണിത്തോട്ടിലെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

