ഖരമാലിന്യ പരിപാലന ചട്ടം: ജനപ്രതിനിധികൾക്ക് പരിശീലനം സംഘടിപ്പിച്ചു

Pathanamthitta

പത്തനംതിട്ട – സംസ്ഥാനത്ത് ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026 പ്രാദേശിക തലത്തിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കുള്ള ബ്ലോക്ക്തല പരിശീലന പരിപാടി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ജില്ല ശുചിത്വ മിഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തിൽ എട്ട് ബ്ലോക്കുകളിൽ രണ്ട് ദിവസങ്ങളായി 16 സെഷനുകൾ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. നിയമങ്ങളും ചട്ടങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതും നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചുമായിരുന്നു പരിശീലനം.

പുതിയ മാനദണ്ഡങ്ങൾ പ്രകാരം ദിവസേന 100 കിലോഗ്രാമിൽ കൂടുതൽ ഖരമാലിന്യം ഉൽപാദിപ്പിക്കുന്നവർ, 20,000 ചതുരശ്ര മീറ്ററോ അതിലധികമോ നിർമാണ വിസ്തീർണമുള്ള സ്ഥാപനങ്ങൾ, പ്രതിദിനം 40,000 ലിറ്ററിലധികം ജല ഉപഭോഗമുള്ള സ്ഥാപനങ്ങൾ തുടങ്ങിയവ ‘ബൾക്ക് വേസ്റ്റ് ജനറേറ്റർ’ പരിധിയിലാണ് ഉൾപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങൾ കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ വഴി അതത് തദ്ദേശ സ്ഥാപനങ്ങളിൽ നിർബന്ധമായും രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. പുതിയതായി ആരംഭിക്കുന്ന യൂണിറ്റുകളിൽ ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ കമ്പോസ്റ്റിംഗ്, ബയോമെഥനേഷൻ തുടങ്ങിയ അംഗീകൃത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അനുമതി നൽകുന്നത്. കില ജില്ല ഫെസിലിറ്റേറ്റർ പി ജെ താഹ, തദ്ധേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി കെ സയൂജ, ജില്ല ഡെപ്യൂട്ടി ഡയറക്ടർ പി രാജേഷ് കുമാർ, ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ കെ എം വിനീത്, അസിസ്റ്റന്റ് കോർഡിനേറ്റർ ജി പ്രദീപ് തുടങ്ങിയവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *