പത്തനംതിട്ട – ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുളള എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷ പ്രതിരോധ വാക്സിനായ ഐ.ഡി.ആർ.വി. ആവശ്യത്തിന് ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ അനിതകുമാരി അറിയിച്ചു. കടിയേറ്റ ദിവസം പൂജ്യം ഡോസ,് അടുത്ത ദിവസം മുതലുളള മൂന്നാം ദിവസം, ഏഴാം ദിവസം, ഇരുപത്തിയെട്ടാം ദിവസം എന്നവിധത്തിലാണ് നാല് ഡോസുകളും സ്വീകരിക്കേണ്ടത്. മൃഗങ്ങളുടെ മാന്തൽ, കടി എന്നിവ മൂലം മുറിവുണ്ടായി രക്തം പൊടിയുക, മുറിവുളള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നക്കുക, വന്യമൃഗങ്ങളിൽ നിന്ന് കടിയോ മാന്തലോ ഏൽക്കുക എന്നീ ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഐ.ഡി.ആർ.വി.യ്ക്ക് പുറമേ ഇമ്മ്യൂണോ ഗ്ലോബുലിൻ കൂടി എടുക്കേണ്ടതാണ്. പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, എന്നിവിടങ്ങളിൽ ഇമ്മ്യൂണോ ഗ്ലോബുലിൻ ലഭ്യമാണ്.
മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ ഉടൻതന്നെ സോപ്പും വെളളവും ഉപയോഗിച്ച് പതിനഞ്ച് മിനിറ്റെങ്കിലും കഴുകണം. കഴിവതും ടാപ്പ് വെളളത്തിൽ കഴുകുക. വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് വലിയ അളവുവരെ തടയാൻ ഇതിലൂടെ സാധിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


