പത്തനംതിട്ട – ജില്ലയിൽ പലഭാഗങ്ങളിലും പകർച്ചപ്പനി റിപ്പോർട്ടു ചെയ്യുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം ) ഡോ.എൽ.അനിതകുമാരി അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് പകർച്ചപ്പനി വ്യാപകമാവുന്നതിനു സാഹചര്യമൊരുക്കുന്നത്. ജലദോഷപ്പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കൊപ്പം കോവിഡ് കേസുകളും ജില്ലയിൽ റിപ്പോർട്ടു ചെയ്യുന്നുണ്ട്. അഞ്ചോ ആറോ ദിവസം നീണ്ടു നിൽക്കുന്ന പനി, ജലദോഷം, വിട്ടുമാറാത്തചുമ, തൊണ്ടവേദന, തലവേദന എന്നിവ സാധാരണയായി കാണുന്ന രോഗലക്ഷണങ്ങളാണ്. പനി പലവിധമുള്ളതിനാൽ സ്വയംചികിത്സ ഒഴിവാക്കുകയും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു വാങ്ങി കഴിക്കുന്നത് ഒഴിവാക്കുകയും വേണം. കൃത്യമായ രോഗനിർണയത്തിനായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം.
പനിയുള്ളപ്പോൾ ശ്രദ്ധിക്കേണ്ടത്
നന്നായി വിശ്രമിക്കുക. തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിക്കുക. പനിയുള്ളപ്പോൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക.ആവശ്യമെങ്കിൽ മാസ്‌ക് ധരിക്കുക. ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു അണുവിമുക്തമാക്കുക. പനിയുള്ളപ്പോൾ കുട്ടികളെ സ്‌കൂളിൽ അയക്കാതിരിക്കുക.


