പത്തനംതിട്ട – കർക്കിടക വാവ് നാളിൽ ബലിതർപ്പണ ചടങ്ങുകൾക്കായി പത്തനംതിട്ട ജില്ലയിലെ സ്നാന ഘട്ടങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് പിതൃ പൂജകൾക്കായി ഒരുക്കങ്ങൾ നടക്കുന്നത്. നാളെ പുലർച്ചെ 4. 30 മുതൽ പ്രധാന സ്നാന ഘട്ടങ്ങളിലെല്ലാം പിത്യതർപ്പണ ചടക്കുകൾ ആരംഭിക്കും. പമ്പാ തീരത്തെ ആറൻമുള ശ്രീ പാർത്ഥ സാരഥീ ക്ഷേത്ര കടവിലും, അച്ചൻകോവിലാറിൻ്റെ തീരത്തെ തൃപ്പാറ മഹാദേവർ ക്ഷേത്രക്കടവ്, പന്തളം മഹാദേവർ ക്ഷേത്രക്കടവ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ഭക്തർ പിത്യതർപ്പണ ചടങ്ങുകൾക്കായി എത്തിച്ചേരുന്നത്. ഇത്തവണ അയിരൂർ പമ്പാ മണൽപ്പുറത്ത് വിദ്യാധിരാജ നഗറിൽ ഹിന്ദുമത മഹാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ പിത്യതർപ്പണ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല പമ്പയിലെത്തുന്ന ഭക്തർ ബലിത്തറയിൽ തർപ്പണം നടത്തിയ ശേഷമാണ് ദർശനത്തിനായി മല ചവിട്ടാറ്. ബലി തർപ്പണത്തിനെത്തുന്ന ഭക്തർക്ക് കുടിവെളള വിതരണവും, മെഡിക്കൽ ക്യാമ്പുകളുമായി സേവാഭാരതി അടക്കം സജീവമാണ്.
പ്രസിദ്ധമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കിടക വാവിനോടനുബന്ധിച്ച് ദ്രാവിഡ ആചാരപ്രകാരമുള്ള പിത്യ തർപ്പണ ചടക്കുകളും പൂജകളും കരിക്ക് പടയണി ഉത്പ്പടെയുള്ള വിപുലമായ ചടങ്ങുകളും നടക്കും. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയിൽ വാവുബലി പൂജകൾ. രാവിലെ 4ന് കരിക്ക് പടേനി, 4.30ന് ഭൂമി പൂജ, 5ന് വാവുബലി കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് കളരി ആശാൻമാർക്കും ഗുരുക്കൻമാർക്കും പിതൃക്കൾക്കും വിശേഷാൽ പൂജകൾ, തുടർന്ന് കർക്കടക വാവുബലി കർമ്മവും അച്ചൻകോവിലാറ്റിൽ സ്നാനവും നടക്കും. രാത്രി പ്രകൃതി വിഭവങ്ങൾ ചേർത്തുള്ള വാവൂട്ട് പൂജയും നടക്കും.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനു വിവിധ കേന്ദ്രങ്ങളിലെത്തുന്നവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുജില്ലാ കളക്ടറും, പൊലീസ് മേധാവിയും അഭ്യര്‍ഥിച്ചു. പല ബലിതര്‍പ്പണക്കടവുകളിലും ജലം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണുള്ളത്. ഇത്തരം കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പൊലീസിന്റെയും മറ്റ് അധികൃതരുടെയും സുരക്ഷാ നിര്‍ദേശങ്ങളുമായി സഹകരിക്കണം.


