സഹകരണ വകുപ്പ് ജീവനക്കാരിയായ മിനികുമാരിയെ കോന്നിയിൽ നിന്ന് ഓടിച്ചത് മല്ലപ്പളളിയിലേക്ക്‌

Kerala Pathanamthitta

പത്തനംതിട്ട – കൈപ്പട്ടൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കുത്തകയ്ക്ക് ഇത്തവണ ഇളക്കം തട്ടി. 30 വര്‍ഷമായി സിപിഎം ഭരിക്കുന്ന ബാങ്കില്‍ ഇക്കുറി നാലു സീറ്റില്‍ യുഡിഎഫ് വിജയിച്ചു. ഹൈക്കോടതി നിർദ്ദേശം അതേ പടി അംഗീകരിച്ച് റിട്ടേണിംഗ് ഓഫീസര്‍ പ്രവര്‍ത്തിച്ചതാണ് യുഡിഎഫ് വിജയത്തിന് വഴിയൊരുക്കിയത്. പ്രതികാര നടപടിയെന്ന നിലയില്‍ ഫലം വന്ന് മണിക്കൂറുകള്‍ക്കകം റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മിനികുമാരിയെയാണ് തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്ന് മല്ലപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയത്.

സിപിഎമ്മിന്റെ പ്രതികാര നടപടിയുടെ ഭാഗമായി റിട്ടേണിംഗ് ഓഫീസര്‍ മിനികുമാരിയെ സ്ഥലം മാറ്റിക്കൊണ്ട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് ഇറക്കിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. മല്ലപ്പള്ളി ഓഡിറ്റ് വിഭാഗത്തിലേക്കാണ് മാറ്റം. വ്യാഴാഴ്ച ബാങ്കിന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടപടിയും വേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഉത്തരവ് ഇറങ്ങിയത്.

മണ്ണടി സ്വദേശിനി മിനികുമാരി കോന്നിയിലേക്ക് സ്ഥലം മാറി വന്നിട്ട് മൂന്ന് മാസം ആകുന്നുള്ളു. പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയായ മണ്ണടിയില്‍ നിന്ന് കോന്നിയില്‍ വരെ എത്താന്‍ പോലും ഇവര്‍ക്ക് മണിക്കൂറുകള്‍ വേണ്ടി വരും. മല്ലപ്പളളിയിലെ ഓഡിറ്റ് വിഭാഗം ഓഫീസിലെത്താന്‍ ഇതിന്റെ ഇരട്ടി സമയം വേണം. സിപിഎമ്മിന്റെ തിട്ടൂരം അനുസരിക്കാതെ കോടതി നിര്‍ദേശം പാലിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥയോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയും കൈപ്പട്ടൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സജി കൊട്ടയ്ക്കാട് പറഞ്ഞു.

കള്ളവോട്ടിന് സാദ്ധ്യതയുള്ളതിനാല്‍ കൈപ്പട്ടൂരിലെ തെരഞ്ഞെടുപ്പ് നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവധി കള്ളവോട്ട് നടന്നതായും പറയുന്നു. തെരഞ്ഞെടുപ്പ് നടപടികളുടെ തുടക്കം മുതല്‍ റിട്ടേണിംഗ് ഓഫീസര്‍ സമ്മർദ്ദത്തിലായിരുന്നു. ബാങ്ക് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും നാല് സീറ്റ് കൈവിട്ടു പോയത് കനത്ത തിരിച്ചടിയായി. കള്ളവോട്ടും ഭരണസ്വാധീനവും കൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ച് നീതിയുക്തമായ തെരഞ്ഞെടുപ്പിനുള്ള അവസരം നേടിയിരുന്നു. എങ്കിലും അഞ്ഞൂറോളം കള്ളവോട്ടുകള്‍ എല്‍.ഡി.എഫ് ഭരണ സ്വാധീനമുപയോഗിച്ച് ചെയ്തുവെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ജില്ലയിലെ മറ്റു ബാങ്കുകളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും ഇതു പോലെ ഹൈക്കോടതി വിധി വന്നിരുന്നുവെങ്കിലും അതൊന്നും പോലീസോ സഹകരണ ബാങ്ക് ജീവനക്കാരോ പാലിച്ചിരുന്നില്ല. ഇവിടെ സിപിഎം സമ്മർദ്ദമുണ്ടായിട്ടു കൂടി മിനികുമാരി നടത്തിയ ഇടപെടലാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.

സമീപ സ്ഥലങ്ങളിലെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംഘര്‍ഷം ഒഴിവാക്കാന്‍ കൂടുതല്‍ പോലീസിനെയും നിയോഗിച്ചിരുന്നു. പട്ടിക ജാതി സംവരണ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രിക നേരത്തെ തള്ളിയിരുന്നു. ബാങ്കില്‍ കുടിശികയുണ്ടെന്ന കാരണം പറഞ്ഞാണ് റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയത്. 25 വര്‍ഷത്തോളമായി എല്‍.ഡി.എഫാണ് ഈ സഹകരണ സംഘം ഭരിക്കുന്നത് . ഇത്തവണ കഷ്ടിച്ച് ഭരണം നിലനിര്‍ത്താന്‍ മാത്രമാണ് കഴിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്നും ആരും വിജയിച്ചിരുന്നില്ല. പ്രസാദ് മാത്യു, പ്രഫ. പി.ജെ. പത്രോസ്, ബാബു ജോര്‍ജ്, രാജു നെടുവംപുറം, നീതു ചാര്‍ലി, ശാന്തി എസ്. നായര്‍, അനില്‍ കുമാര്‍ എന്നിവരാണ് എല്‍.ഡി.എഫില്‍ നിന്നും വിജയിച്ചത്. യു.ഡി.എഫില്‍ നിന്നും സജി കോട്ടയ്ക്കാട്, പ്രഫ. ജി. ജോണ്‍, കേണല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ലിസി ജോസഫ് എന്നിവരും വിജയിച്ചു.

വ്യാജ കാര്‍ഡുമായി എത്തിയവര്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഉത്തരവ് പ്രകാരം ബാങ്ക് തിരിച്ചറിയല്‍ കാര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റേതെങ്കിലും കാര്‍ഡും കാണിച്ചാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് റിട്ടേണിംഗ് ഓഫീസര്‍ നിലപാട് സ്വീകരിച്ചതിനാലാണ് സി.പി.എം നിര്‍ദ്ദേശപ്രകാരം സ്ഥലം മാറ്റിയതെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *