ശബരിമല തീർത്ഥാടനം സംബന്ധിച്ച അറിയിപ്പുകൾ
പാതയോരങ്ങളിൽ ആടുമാടുകൾക്ക് നിരോധനം
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചു വടശേരിക്കര മുതൽ അട്ടതോട് വരെയുളള തീർഥാടന പാതകളുടെ വശങ്ങളിൽ ആടുമാടുകളെ കെട്ടിയിടുന്നതും മേയാൻ വിടുന്നതും അപകടസാധ്യതയുണ്ടാക്കുന്നതിനാൽ അവ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ എ.ഷിബു ഉത്തരവായി.
ശബരിമല തീർത്ഥാടനം ;
വാഹനങ്ങൾക്ക് സമീപം പാചകം ചെയ്യുന്നതിന് നിരോധനം
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റു പാർക്കിങ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് വളരെയധികം അപകടഭീഷണി സൃഷ്ടിക്കുന്നതിനാൽ അത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ എ. ഷിബു ഉത്തരവായി.
ഭക്ഷണശാലകളിൽ മാംസാഹാരങ്ങൾക്ക് നിരോധനം
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ളാഹ മുതൽ സന്നിധാനം വരെയുളള ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചുവെയ്ക്കുന്നതും പാചകം ചെയ്യുന്നതും വിൽപ്പന നടത്തുന്നതും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ എ. ഷിബു ഉത്തരവായി.
ശബരിമല തീർത്ഥാടനം ;
ഭക്ഷണശാലകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണം
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടർ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷകളിലുളള വിലവിവര പട്ടിക തീർഥാടകർക്ക് കാണത്തക്കവിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദർശിപ്പിക്കുന്നത് കർശനമാക്കി ജില്ലാ കളക്ടർ എ. ഷിബു ഉത്തരവായി.
ശബരിമല തീർത്ഥാടനം ;
ഗ്യാസ് സിലിണ്ടറുകൾ പൊതുസ്ഥലങ്ങളിൽ സൂക്ഷിക്കുന്നതിന് നിരോധനം
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ളാഹ മുതൽ സന്നിധാനം വരെയുളള ഹോട്ടലുകളിൽ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകൾ അപകടകരമായി പൊതുസ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ലാ കളക്ടർ എ. ഷിബു ഉത്തരവായി.
ക്വട്ടേഷൻ
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് മാസവാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള നാലു വാഹനങ്ങളുടെ ആവശ്യത്തിലേക്കായി മോട്ടോർ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13 ന് വൈകുന്നേരം മൂന്ന് വരെ. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിന് പുറത്ത് ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വാഹനത്തിനുളള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം. ഫോൺ : 0468 2222515.


