പന്തളം – താമസിച്ചിരുന്ന വീട്ടിൽ ഭാര്യ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് അച്ചൻകോവിലാറ്റിൽ ചാടിയ പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺബാബു (31) വിന്റെ മൃതദേഹം കണ്ടെത്തി. ചാടിയ സ്ഥലത്ത് നിന്നും പത്തു കിലോമീറ്റർ അകലെ തിങ്കളാഴ്ച രാവിലെ വഴുവാടിക്കടവിനു സമീപമാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേന കരയ്ക്കെടുത്ത മൃതദേഹം അരുൺബാബുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി തിരിച്ചറിഞ്ഞു.
അരുൺബാബുവിന്റെ ഭാര്യ ലിജി (അമ്മു-25) യെ ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. ഉടൻതന്നെ അരുൺബാബു ലിജിയെയുംകൊണ്ട് പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചതോടെ കാറുമായി അരുൺബാബുവിനെ ഇവിടെ നിന്ന് കാണാതായി.
ഇയാൾ സഞ്ചരിച്ചിരുന്ന കാർ വെട്ടിയാർ പുലക്കടവ് പാലത്തിനുസമീപം കണ്ടെത്തിയതോടെ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഞായറാഴ്ച അച്ചൻകോവിലാറ്റിൽ തിരച്ചിൽ നടത്തിയിരുന്നു. കാറിനുള്ളിൽ രക്തംകൊണ്ട് ഐ ലവ് യു അമ്മുക്കുട്ടി എന്നെഴുതിയിരുന്നതും ആറ്റിലേക്കിറങ്ങുന്നഭാഗത്തു രക്തംകണ്ടതും അരുൺബാബു ആത്മഹത്യാശ്രമം നടത്തിയതായിരിക്കാമെന്ന സംശയമുണ്ടാക്കിയിരുന്നു. ആറ്റിൽ ജലനിരപ്പുയർന്നതിനാലും അടിയൊഴുക്കുള്ളതിനാലും തിരച്ചിൽ ഞായറാഴ്ച വൈകുന്നേരം അവസാനിപ്പിച്ചു. ഇവിടെനിന്നു 10 കിലോമീറ്റർ അകലെയാണ് തിങ്കളാഴ്ച മൃതദേഹം കണ്ടത്.
നേരത്തേ ഗൾഫിലായിരുന്ന അരുൺബാബു നാട്ടിൽ ലോറി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മാട്രിമോണിയൽ സൈറ്റ് മുഖേനെ പരിചയപ്പെട്ടവരാണ് ഇവർ. തുടർന്ന് പ്രണയിച്ച് ഒന്നിച്ച് താമസം തുടങ്ങി. പിന്നീട് ഇരുവരുടെയും രക്ഷിതാക്കൾ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. മൂന്നുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പാലക്കാട് മണ്ണാർക്കാട് ചെത്തല്ലൂർ കൂനംപ്ലാക്കിൽ ദിലിമോന്റെ മകളാണ് ലിജി. മകൾ: ആരോഹിണി (ഒന്നരവയസ്സ്).


