‘പെൻഷൻ കൊടുക്കാൻ സർക്കാരിന് പണമില്ല, പക്ഷേ ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുന്നു’: സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala Politics Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: തന്റെ മുന്നിൽ വന്ന എല്ലാ ബില്ലുമായും സംബന്ധിക്കുന്ന വിഷയങ്ങളിൽ സർക്കാരിൽനിന്നുള്ള വ്യക്തത തനിക്ക് വേണമെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. ജുഡിഷ്യറിയ്ക്ക് വിധേയമായല്ലേ ബില്ലുകൾ കൊണ്ട് വരേണ്ടതെന്നും ഗവർണർ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അയച്ച കത്ത് പിൻവലിക്കുകയോ നേരിട്ട് എത്തുകയോ ചെയ്യണമെന്ന് ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു.

ബില്ലുക്കളിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി വിധി വരെ കാത്തിരിക്കേണ്ട കാര്യമില്ലെങ്കിലും സർക്കാർ കോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതിയുടെ തീരുമാനം അറിഞ്ഞശേഷം തുടർനടപടി എടുക്കാമെന്ന് ഗവർണർ പറഞ്ഞു. ബില്ലുകളിൽ താൻ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കണമെന്നും ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടു. ഒപ്പിടാനുള്ള 16 ബില്ലുകളും രണ്ട് ഓർഡിനൻസുകളും കോടതിയുടെ തീരുമാനമറിഞ്ഞശേഷം പരിഗണിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോട്ടറിയിലൂടെയും മദ്യത്തിലൂടെയും മാത്രമാണ് സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. ഇത് നാണക്കേടാണ്. മാനവവിഭവശേഷിയുള്ള സംസ്ഥാനത്താണ് ഇത്തരത്തിൽ ഒരു വരുമാനം കണ്ടെത്തുന്നത്. ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണെന്നും ഗവർണർ പറഞ്ഞു.

ഗവർണറെ ഇരുട്ടിൽ നിർത്തുകയാണ് സർക്കാർ ചെയ്തതെന്ന് CAA പ്രമേയം പാസാക്കിയതിൽ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. അധികാര പരിധി കടന്നത് സർക്കാരാണ്. കേരളത്തെ കുറിച്ച് അഭിമാനമാണുള്ളത്. കേരളത്തിൻറെ നേട്ടങ്ങൾക്ക് ക്രെഡിറ്റ് സാധാരണ മലയാളിക്കാണെന്നും ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *