കൊല്ലം – കുണ്ടറയിൽ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം നഴ്സിങ് വിദ്യാർഥിനിയുടെത് ആണെന്ന് തിരിച്ചറിഞ്ഞു. പടപ്പക്കര ഫാത്തിമ ജങ്ഷൻ കുരിശടിക്ക് സമീപം സാന്റോ വിലാസത്തിൽ (പൊന്നാനിക്കൽ) മേരിസൺ പരേതയായ മേരിക്കുട്ടി ദമ്പതികളുടെ മകൾ സാന്റോ മേരി മേരിസൺ (സൂര്യ-23) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ പേരയംചിറ – കുളക്കാല ചിറ റോഡിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
പ്രധാന റോഡിൽ നിന്ന് ഒരു വീട്ടിലേക്കുള്ള ഇടവഴിയിലായിരുന്നു മൃതദേഹം. സമീപത്തു നിന്ന് ബാഗും തീപ്പെട്ടിയും തീകൊളുത്താൻ ഉപയോഗിച്ച ടിന്നറും കണ്ടെത്തിയിട്ടുണ്ട്. ബാഗ് കണ്ടാണ് സൂര്യയെ തിരിച്ചറിഞ്ഞത്. സമീപത്തുള്ള സിസിടിവി ദൃശ്യം പരിശോധിച്ചതിൽ ഒരാൾ ഓടിപ്പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
മറ്റൊരു സിസിടിവി ദൃശ്യത്തിൽ 12.10ന് കുട്ടി സംഭവ സ്ഥലത്തേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രണയനൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരു കടയിൽ നിന്ന് സാന്റോ മേരി തിന്നർ വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കുണ്ടറ സിഐ രതീഷ്, എസ്‌ഐമാരായ അനീഷ് ബാഹുലേയൻ, സുരേന്ദ്രൻപിള്ള, സെൽഫിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം, വിരലടയാള വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വൈകിട്ട് നാലുമണിയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
What do you feel about this post?
Like
Love
Happy
Haha
Sad

