അടൂർ – ശബരിമല വിമാനത്താവളം സംബന്ധിച്ച സാമൂഹിക ആഘാത പഠനം നടത്തുന്നതിന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൊടുമണ്‍ എസ്‌റ്റേറ്റ് കൂടി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ശബരിമല കൊടുമണ്‍ വിമാനത്താവള ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ആക്ഷന്‍ കൗണ്‍സില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്.
പല പ്രാവശ്യം സര്‍ക്കാരിലേക്ക് ഇത് സംബന്ധിച്ച് നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആവശ്യം ഉന്നയിച്ച് കലക്ടറേറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കൊടുമണ്‍ എസേ്റ്ററ്റ് കൂടി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല . കോടതി വിധി സംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ കലക്ടര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് കലക്ടര്‍ അറിയിച്ചത്. പിന്നീട് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് നല്‍കിയ വിവരാവകാശ മറുപടിയില്‍, നിര്‍ദിഷ്ട ശബരി വിമാനത്താവളം കൊടുമണ്‍ എസേ്റ്ററ്റില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കലക്ടറെ ചുമതലപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ബന്ധപ്പെട്ടവര്‍ ഒളിച്ചുകളി തുടരുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊടുമണ്‍ എസേ്റ്ററ്റ് 1200 ഓളംഹെക്ടര്‍ റവന്യൂ ഭൂമിയാണ്. ഈ തോട്ടങ്ങള്‍ അടൂര്‍ താലൂക്കിലെ കൊടുമണ്‍, അങ്ങാടിക്കല്‍, കലഞ്ഞൂര്‍, ഏനാദിമംഗലം എന്നി വില്ലേജുകളില്‍ വ്യാപിച്ചു കിടക്കുന്നു. കൂടുതല്‍ സ്ഥലങ്ങളും കുറ്റിക്കാടുകളും കളകളും വളര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. നിര്‍ദ്ദിഷ്ട ഭൂമിയില്‍ വിമാനത്താവളം സാധ്യമായാല്‍ പരിസ്ഥിതിക്ക് യാതൊരു വിധ ആഘാതവും ഉണ്ടാകില്ല. നീര്‍ത്തടങ്ങളും ചതുപ്പ് നിലങ്ങളും നികത്തേണ്ടി വരുന്നില്ല. വന നശീകരണമോ വന്യ ജീവി പ്രശ്‌നമോ ഉണ്ടാകുന്നില്ല. വമാനത്താവളത്തിന്റെ ആവശ്യത്തിന് മറ്റേതെങ്കിലും പ്രദേശത്ത് നിന്ന് പാറകളോ മണ്ണോ ഖനനം ചെയ്യേണ്ടി വരുന്നില്ല. ഇവിടെയെത്താന്‍ യാത്രാ സൗകര്യങ്ങളുമുണ്ട്. റെയില്‍വേ സേ്റ്റഷനുകള്‍, കെ.പി. റോഡ്, എം.സി. റോഡ്, പുനലൂര്‍- മൂവാറ്റുപുഴ, മാവേലിക്കര – പത്തനംതിട്ട റോഡുകള്‍ അഞ്ച്, 10 കിലോമീറ്ററിനുള്ളിലാണ്. അയല്‍ ജില്ലകളായ കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കും അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകള്‍ക്കും നിര്‍ദിഷ്ടവിമാനത്താവളം ഏറെ പ്രയോജനപ്പെടും.
ജില്ലയില്‍ തന്നെ അഞ്ചു മെഡിക്കല്‍ കോളജുകളും കൂടാതെ 20 കിലോമീറ്ററിനുള്ളില്‍ അഞ്ച് ആരോഗ്യപരിപാലന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നു. ഇവിടങ്ങളിലുള്ളവര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. ടൂറിസത്തിനും അനന്ത സാധ്യതകളുണ്ട്. കോന്നി ആനത്താവളം, ഇക്കോ ടൂറിസം, ഗവി, പെരുന്തേനരുവി, കാട്ടാത്തിപ്പാറ, കക്കി, മൂഴിയാര്‍ ഡാം, മൂന്നാര്‍, ഇടുക്കി ഡാം, വാഗമണ്‍, തേക്കടി, കുമരകം, വേമ്പനാട്ടു കായല്‍, ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നിര്‍ദിഷ്ട എയര്‍ പോര്‍ട്ട് കൂടുതല്‍ പ്രയോജനപ്പെടും.
ഏറ്റവും തിരക്കേറിയ ശബരിമല, എരുമേലി, പന്തളം രാജകൊട്ടാരം, പരുമല , മഞ്ഞനിക്കര , ആറന്മുള, ചന്ദനപ്പള്ളി, കളമല പള്ളി, കൊട്ടാരക്കര, മണര്‍കാട് എന്നീ ദേവാലയങ്ങളില്‍ എത്തുന്ന വിശ്വാസികള്‍ക്കും മാരാമണ്‍, കുമ്പനാട് ഐ.പി.സി, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പ്രയോജനപ്പെടും.
ഐ.ടി .പാര്‍ക്ക് പോലുള്ള സംരംഭങ്ങള്‍ മറ്റ് വ്യവസായ സംരംഭങ്ങള്‍ എന്നിവ തുടങ്ങാന്‍ ഇവിടം കേന്ദ്രീകരിച്ച് കഴിയും. നിര്‍ദ്ദിഷ്ട ഭൂമി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതായതിനാല്‍ ഭൂമി ഏറ്റെടുക്കുന്ന വകയില്‍ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ ലാഭം ഉണ്ടാകും. ഭൂമിയില്‍ താമസക്കാര്‍ ആരും ഇല്ലാത്തതിനാല്‍, ആരേയും കുടിയൊഴിപ്പിക്കേണ്ടി വരുന്നില്ല.നിര്‍ദ്ദിഷ്ട വിമാനത്താവളം നിര്‍മാണത്തില്‍ പണം നിക്ഷേപിച്ച് പങ്കാളികള്‍ ആകാം എന്ന് പല വിദേശ മലയാളികളും അറിയിച്ചിട്ടുണ്ട്.
വാര്‍ത്ത സമ്മേളനത്തില്‍ കൊടുമണ്‍ വിമാനത്താവള ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍, ശ്രീജിത്ത് ഭാനുദേവ്, ആര്‍.പത്മകുമാര്‍, കൊടുമണ്‍ വിജയന്‍ നായര്‍, ടി. തുളസിധരന്‍ എന്നിവര്‍ പങ്കെടുത്തു.


