അബുദാബി – നവംബര്‍ മൂന്ന് വെള്ളിയാഴ്ച രാജ്യത്താകമാനം പതാകദിനം ആചരിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആഹ്വാനം ചെയ്തു. ട്വിറ്ററിന്റെ പുതിയ രൂപമായ എക്‌സ് വഴിയാണ് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ വകുപ്പുകളോടും സ്ഥാപനങ്ങളോടും പതാക ഉയര്‍ത്തുന്നതിന് ആവശ്യപ്പെട്ടത്. നവംബര്‍ മൂന്നിന് രാവിലെ 10ന് രാജ്യത്താകമാനം ഒരുമിച്ച് പതാക ഉയര്‍ത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
https://x.com/HHShkMohd/status/1717524217728512466?s=20
രാജ്യത്തിന്റെ ഐക്യത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ് പതാകദിനത്തിലെന്നും ഈ പദ്ധതിയില്‍ എല്ലാ ജനങ്ങളും ഭാഗവാക്കാകണമെന്നും ശൈഖ് മുഹമ്മദ് എക്‌സിലൂടെ ആവശ്യപ്പെട്ടു. 2013ലാണ് ആദ്യമായി യു.എ.ഇയുടെ പതാകദിനം നവംബര്‍ മൂന്നിന് ആചരിച്ചു തുടങ്ങിയത് . 11മത് വര്‍ഷമാണ് ഇപ്പോൾ രാജ്യം പതാകദിനം ആചരിക്കുന്നത്. പച്ച, വെളുപ്പ്, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള യു.എ.ഇയുടെ പതാക, പ്രതീക്ഷയെയും സമാധാനത്തെയും കരുത്തിനെയും ധീരതയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ ദിവസം പൊതു അവധി ദിവസമല്ല. എന്നാല്‍, ഓഫിസുകളിലും സ്‌കൂളുകളിലും പാര്‍ക്കുകളിലും മറ്റു സ്ഥലങ്ങളിലുമെല്ലാം സ്വദേശികളും വിദേശികളും ഒരുമിച്ചുചേര്‍ന്ന് പതാക ഉയര്‍ത്തുന്നതാണ് രീതി.


