യുഎഇയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു ; ജാഗ്രത പാലിക്കണം

World
Print Friendly, PDF & Email

അബുദാബി – യുഎഇയുടെ മാനവ വിഭവശേഷി മന്ത്രാലയമാണ് മോശമായ കാലാവസ്ഥ കാരണം ഇക്കാര്യത്തിൽ നിർദേശം നൽകിയത്. കനത്ത മഴ കാരണം വർക് ഫ്രം ഹോം അനുവദിക്കണമെന്ന് യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലാ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാലഘട്ടത്തിൽ തൊഴിലാളികളുടെ സുരക്ഷ നിലനിർത്തുന്നതിന് ജാഗ്രതയും എല്ലാ തൊഴിൽ സുരക്ഷാ നടപടികളും സ്വീകരിക്കാൻ സ്വകാര്യ കമ്പനികളോട് അഭ്യർത്ഥിച്ചു.

അബുദാബിയിൽ പ്രതികൂല കാലാവസ്ഥയാണ്. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കാറ്റും ശക്തമായ മഴയും അനുഭവപ്പെടുന്നു. അൽ ഐനിലെയും അബുദാബിയിലെയും മോശം കാലാവസ്ഥ കാണിക്കുന്ന വീഡിയോകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്‌സിൽ പോസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ചവരെ അതീവജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

ഷാർജയിലെ പാർക്കുകൾ മുനിസിപ്പാലിറ്റി താൽക്കാലികമായി അടച്ചു. കാലാവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങിയശേഷം തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്ലോബൽ വില്ലേജിലെ കരിമരുന്ന് പ്രയോഗവും നിർത്തിവെച്ചിട്ടുണ്ട്. അബുദാബിയിലെ പാർക്കുകളും ബീച്ചുകളും താത്കാലികമായി അടച്ചിട്ടുണ്ട്.

വാരാന്ത്യത്തിൽ നടക്കാനിരുന്ന ഫുട്ബോൾ മത്സരങ്ങൾ മാറ്റിവെച്ചതായി ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നിശ്ചയിച്ചിരുന്ന വിവിധ മത്സരങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. യു.എ.ഇയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരാന്ത്യത്തിൽ നടത്താനിരുന്ന പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.

വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു. വേഗം കുറക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കാനും ശ്രദ്ധിക്കണം. വാഹനമോടിക്കുന്ന സമയത്ത് മഴയുടെ ചിത്രങ്ങളെടുക്കുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കും. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണം.

ചെറിയ അപകടങ്ങളുണ്ടായാൽ റോഡിന്റെ മധ്യഭാഗത്ത് നിർത്തി കേടുപാടുകൾ പരിശോധിക്കരുത്. സാരമായ കേടുപാടുകളുണ്ടായാൽ മുന്നറിയിപ്പ് സിഗ്‌നലുകൾ ഉപയോഗിച്ചുവേണം നിർത്തിയിടാൻ. മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാനും ദുബായ് പോലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി അഭ്യർത്ഥിച്ചു.

കനത്ത മഴയുടെ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ അടുത്ത കുറച്ച് ദിവസങ്ങളിൽ പൊതുജനങ്ങൾ ക്ഷേത്ര സന്ദർശനം ഒഴിവാക്കണമെന്ന് അബുദാബി ബാപ്‌സ് ഹിന്ദുക്ഷേത്രം അധികൃതർ നിർദേശിച്ചു.

യു.എ.ഇയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരാന്ത്യത്തിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. അബുദാബിയിലെ എല്ലാ പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചു

ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ദുബായ് എയർപോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. അസ്ഥിരകാലാവസ്ഥയിൽ വിമാനയാത്രാസമയം മാറാനും സാധ്യതയുണ്ട്. എയർലൈനുമായി ബന്ധപ്പെട്ട് യാത്രാസമയം ഉറപ്പുവരുത്തണം. വിമാനത്താവളത്തിലെത്താൻ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *