മോഷ്ടിച്ച ബൈക്കുമായി പോയവർ ഇടിച്ചു വീഴ്ത്തിയ വ്യാപാരി മരണപ്പെട്ടു :

Crime Pathanamthitta
Print Friendly, PDF & Email

അടൂർ – എഴംകുളം പട്ടാഴിമുക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ഇടിച്ചു വീഴ്ത്തിയ ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്ക് പരുക്കേറ്റു. ബൈക്ക് ഇവർ മോഷ്ടിച്ചു കൊണ്ടു വരും വഴിയാണ് അപകടമുണ്ടാക്കിയതെന്ന തിരിച്ചറവിൽ പൊലീസ് എത്തി ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകിട്ട് ആറിനാണ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് നെടുമൺ കക്കുഴി പുരയിടത്തിൽ നസീർ അബ്ദുൽ ഖാദർ (52) മരിച്ചത്. സാരമായി പരുക്കേറ്റ നസീറിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരുക്കേറ്റ് ചായലോട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന പുനലൂർ കരവാളൂർ കലയനാട് പന്നിക്കോണം ചരുവിള പുത്തൻവീട്ടിൽ പി. മുകേഷ്(32), പത്തനാപുരം പുന്നല ചാച്ചിപുന്ന ഇഞ്ചൂർ തെക്കേക്കര ലക്ഷംവീട് കോളനിയിൽ ശ്രീജിത്ത്(20) എന്നിവരുടെ അറസ്റ്റ് അവിടെ എത്തി പോലീസ് രേഖപ്പെടുത്തി.

ശ്രീജിത്തിന്റെ സഹോദരി ഭർത്താവാണ് മുകേഷ്. ഇരുപതിലധികം മോഷണം, പോക്‌സോ എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കടമ്പനാട് ലക്ഷ്മി നിവാസിൽ അർജുന്റെ ടി.വി.എസ്.ബൈക്കാണ് ഇവർ മോഷ്ടിച്ച് കടന്നത്. ബൈക്കുമായി പത്തനാപുരം ഭാഗത്തേക്ക് ചീറിപ്പായുമ്പോഴാണ് കെ.പി. റോഡിൽ പട്ടാഴിമുക്കിൽ അപകടം ഉണ്ടായത്.

അടൂർ ഫെഡറൽ ബാങ്കിനു സമീപം പി.എസ്.സി. കോച്ചിങ് ക്ലാസിന് എത്തിയതായിരുന്നു അർജുൻ. കെട്ടിടത്തിനു മുമ്പിൽ ബൈക്ക് പാർക്ക് ചെയ്ത് ക്ലാസിൽ കയറി. തുടർന്ന് രാത്രി ഏഴിന് ക്ലാസ് കഴിഞ്ഞ് തിരികെ വന്നു നോക്കുമ്പോൾ ബൈക്ക് ഇല്ലായിരുന്നു. ഉടൻ തന്നെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി.ദൃശ്യം പരിശോധിച്ചപ്പോൾ രണ്ട് യുവാക്കൾ ബൈക്കുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. പൊലീസിൽ പരാതി നൽകിയ അർജുൻ ബൈക്ക് മോഷണം പോയ വിവരം സാമൂഹിക മാധ്യമങ്ങളിൽ കൂടിയും പ്രചരിപ്പിച്ചു. പൊലീസ് ബൈക്ക് മോഷണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ്, അപകടമുണ്ടാക്കിയത് മോഷ്ടിക്കപ്പെട്ട വണ്ടിയാണെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രതികൾക്ക് പോലീസ് നിരീക്ഷണം ഏർപ്പെടുത്തി.

ഒന്നാം പ്രതി മുകേഷിന് ഗുരുതരമായ പരുക്കുള്ളതിനാൽ മജിസ്‌ട്രേറ്റ് ആശുപത്രിയലെത്തി തുടർ നടപടികൾ; സ്വീകരിച്ചു. മുകേഷ് സ്ഥിരം ബൈക്ക് മോഷണ കേസുകളിൽ പ്രതിയാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

അപകടത്തിൽ മരിച്ച നസീറിന്റെ മൃതദേഹം വെള്ളിയാഴ്ച ഏഴംകുളം ജുംആ മസ്ജിദ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു. അടൂർ പോലീസ് ഇൻസ് പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *