മാലിന്യം കൊണ്ടുത്തള്ളാനുള്ള സ്ഥലമോ കനാലും, റോഡരികുകളും ?

Pathanamthitta Crime
Print Friendly, PDF & Email

കുഴിക്കാലാ : മലപ്പുഴശ്ശേരി പഞ്ചായത്തിലെ ഇലന്തൂർ – പുന്നമൂട് കനാൽ റോഡിൽ സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം കൊണ്ടുത്തള്ളുന്നത് പതിവായി. ഈ മാലിന്യം കൊണ്ടു തള്ളാനെത്തുന്നവരുടെ വാഹനത്തിൻറെ ശബ്ദംകേട്ട് പ്രദേശവാസികൾ ഉണരുമ്പോഴേക്കും രക്ഷപ്പെടുകയാണ് പതിവ്. കൃത്യമായി മാലിന്യ സംസ്കരണ സംവിധാനമൊന്നുമില്ലാത്ത സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ കരാറെടുക്കുന്ന സ്വകാര്യ ഗുണ്ടാ സംഘങ്ങൾ കയ്യൂക്കിൻറെ ബലത്തിൽ ഇത് ചോദ്യം ചെയ്യുന്ന നാട്ടുകാരെപ്പോലും നേരിടുന്ന സ്ഥിതിയാണ്. പി.ഐ.പി. കനാലും, പരിസരങ്ങളും കാടുപിടിച്ചു കിടക്കുന്നതിനാൽ വാഹനങ്ങളിൽ എത്തി കക്കൂസ് മാലിന്യം കനാലിലേക്ക് തുറന്നുവിടുകയാണ്.

ഇലന്തൂർ ഗവ.സ്കൂൾ, മല്ലപ്പുഴശ്ശേരി മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളിലെത്തിച്ചേരാവുന്ന ഈ റോഡിലൂടെ ദിവസവും വിദ്യാർഥികളടക്കം ഒട്ടേറെ ആളുകളാണ് ദിനവും കടന്നുപോകുന്നത്. നിലവിലെ സാഹചര്യത്തിൽ ദുർഗന്ധം മൂലം ഇതുവഴി ആർക്കും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സാമൂഹിക പ്രവർത്തകനായ ബെന്നി കുഴിക്കാല പറഞ്ഞു.

രണ്ടുമാസം മുമ്പ് മല്ലപ്പുഴശ്ശേരിയുടെ സമീപ പഞ്ചായത്തായ കോഴഞ്ചേരിയുടെ ഈസ്റ്റ് വാർഡിൽ രാത്രി കാലങ്ങളിൽ കനാൽ റോഡിൽ മാലിന്യം തള്ളൽ പതിവായിരുന്നു. പിന്നീട് നാട്ടുകാർ മുന്നിട്ടിറങ്ങി പരാതി നൽകുകയും രാത്രി നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. കോഴഞ്ചരി, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകൾ നാരങ്ങാനം പഞ്ചായത്തിനോട് ചേരുന്ന ഭാഗത്ത് കനാലിനോടുചേർന്ന് കാറ്ററിങ് മാലിന്യം തള്ളുന്നതും പ്രതിസന്ധിയായിരുന്നു. നാട്ടുകാരുടെ നിരീക്ഷണത്തോടൊപ്പം പോലീസും പഞ്ചായത്ത് അധികാരികളും കൂടി മനസ്സ് വെച്ചാൽ ഈ സാമൂഹിക വിരുദ്ധരെ പിടികൂടാവുന്നതേയുള്ളൂ .. !!

Leave a Reply

Your email address will not be published. Required fields are marked *