തിരുവല്ല – കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ മുരടിപ്പിക്കും വിധം കേന്ദ്രം സ്വീകരിച്ചിട്ടുള്ള സാമ്പത്തിക നയവും കേരള വിരുദ്ധ മനോഭാവവും ശ്വാസം മുട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ആദ്യ നവകേരള സദസ്സായ തിരുവല്ല നിയോജക മണ്ഡലത്തിലെ സിറിയൻ ക്രിസ്ത്യൻ സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നം സാധാരണമല്ല. കേരളത്തിന്റെ സ്ഥിതി അനുസരിച്ച് ഒരു സാമ്പത്തിക പ്രശ്‌നവും ഉണ്ടാകേണ്ടതല്ല. 2016 മായി താരതമ്യം ചെയ്യുമ്പോൾ 2021 ൽ സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ച എട്ടു ശതമാനം വർധിച്ചു. കേരളത്തിന്റെ തനത് വരുമാനം 41 ശതമാനം വർധിച്ചു. നാടിന്റെ ആകെ ആഭ്യന്തര ഉത്പാദനം 2016 ൽ 5,60,000 കോടി രൂപയായിരുന്നത് 10,17,000 കോടി രൂപയായി വർധിപ്പിക്കാൻ കഴിഞ്ഞു. ആളോഹരി വരുമാനം 1,48,000 രൂപ ആയിരുന്നത് 2,28,000 രൂപയായി വർധിച്ചു. എന്നാൽ ഈ വരുമാനം കൊണ്ടു മാത്രം സംസ്ഥാനത്തിന് മുന്നോട്ടു പോകാൻ കഴിയില്ല. കേന്ദ്ര വിഹിതവും കടമെടുപ്പിലൂടെ ലഭിക്കുന്ന വരുമാനവും ആവശ്യമാണ്.
കേരളം കാര്യക്ഷമമായ സാമ്പത്തിക പ്രവർത്തനം നടത്തിയിയിട്ടും കേന്ദ്രം ഞെരുക്കുന്നു. നികുതി വിഹിതം, റവന്യൂ കമ്മി ഗ്രാന്റ് എന്നിവയിൽ വലിയ കുറവ് വരുത്തി. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളിൽ കേന്ദ്രത്തിന്റെ വിഹിതം കുടിശിക വരുത്തുന്നു. നിലവിൽ 5632 കോടി രൂപ ഇങ്ങനെ കുടിശികയുണ്ട്. പണം കടമെടുക്കുകയെന്നത് ഒരു സംസ്ഥാനത്തിന്റെ ഭരണപരമായ അവകാശമാണ്. ഈ കാര്യത്തിൽ ഭരണഘടനാവിരുദ്ധമായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നു. ഈ നിലപാടിനെ പൂർണമായും പിന്തുണക്കുന്ന സമീപനമാണ് കോൺഗ്രസും സ്വീകരിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ കേരളത്തിന്റെ ആകുലതകളും പ്രശ്‌നങ്ങളും അവതരിപ്പിക്കാനുള്ള നിവേദനത്തിൽ ഒപ്പുവയ്ക്കണമെങ്കിൽ സംസ്ഥാനം സാമ്പത്തിക നയത്തിൽ കാണിച്ചത് വലിയ കെടുകാര്യസ്ഥതയാണെന്ന് സമ്മതിക്കണമെന്നുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായപ്പോഴും അതിനെതിരേ ശബ്ദമുയർത്താൻ നമ്മൾ തെരഞ്ഞെടുത്ത് പാർലമെന്റിലേക്കയച്ച പ്രതിനിധികൾക്കായില്ല. ഇടതുപക്ഷത്തു നിന്നുള്ള എംപിമാർ കുറഞ്ഞപ്പോൾ കേരളത്തിന്റെ തനതായ ശബ്ദവും ഇല്ലാതായി. ഇടതുപക്ഷ സർക്കാറിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടക്കരുത് എന്ന അജണ്ടയാണ് കോൺഗ്രസിനുള്ളത്.

സംസ്ഥാനം വികസന മുരടിപ്പ് നേരിടുന്ന സമയത്താണ് 2016 ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്നത്. നാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടത്തുന്നത്. 82000 കോടി രൂപയുടെ പദ്ധതികൾ ഇതിലൂടെ ഏറ്റെടുക്കാൻ കഴിഞ്ഞു. ദേശീയപാത, മലയോര ഹൈവേ, ജലപാത, ഉന്നതവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം. തുടങ്ങി നിരവധി മേഖലയിൽ നമുക്ക് മുന്നേറാനായി. ഈ വികസന മുന്നേറ്റങ്ങളെല്ലാം സമ്മതിച്ചുതരാത്ത നയമാണ് കേന്ദ്രവും പ്രതിപക്ഷവും സ്വീകരിക്കുന്നത്.
കാലാനുസൃതമായ പുരോഗതി നമുക്ക് ആവശ്യമുണ്ട്. അതിനുള്ള ആശയ രൂപീകരണമാണ് നവകേരള സദസ്സിലൂടെ ലക്ഷ്യംവയ്ക്കുന്നത്. രാഷ്ട്രീയഭേദമന്യേ ഏവരും ഇതിനെ സ്വീകരിക്കുമെന്നാണ് കരുതിയത്. നവകേരളദസ് ആർക്കും എതിരായുളള പരിപാടിയല്ല. പക്ഷേ പ്രതിപക്ഷം തെറ്റായ മനോഭാവത്തോടെ ബഹിഷ്‌കരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. വിവിധ രീതിയിലുള്ള അധിക്ഷേപങ്ങൾ സദസ്സിനെതിരെ ഉന്നയിച്ചു. കോൺഗ്രസിന്റെ പ്രതിഷേധം എന്തിനോടാണെന്നത് വ്യക്തമാകുന്നില്ല. കുറച്ച് കാലങ്ങളായി സർക്കാർ മുന്നോട്ട് വെക്കുന്ന എല്ലാ പരിപാടികളെയും ബഹിഷ്‌കരിക്കുക എന്ന നയമാണ് പ്രതിപക്ഷം കൈക്കൊള്ളുന്നത്. പക്ഷേ ഈ വസ്തുതകളെല്ലാം ജനം മനസിലാക്കി കഴിഞ്ഞു. അന്തിമമായ വിധി ജനങ്ങളാണ് നൽകുന്നത്. നവകേരള സദസ്സ് വേദികളിൽ ജനം ഒറ്റക്കെട്ടായി എത്തിച്ചേരുന്നതിലൂടെ നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്‌ക്കോളൂ, ഞങ്ങൾ കൂടെയുണ്ട് എന്ന സന്ദേശമാണ് സർക്കാരിന് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല നിയോജകമണ്ഡലം സംഘാടക സമിതി ചെയർമാൻ അഡ്വ. മാത്യു ടി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, കൃഷി മന്ത്രി പി പ്രസാദ് എന്നിവർ സംസാരിച്ചു. നവകേരള സദസ്സിന്റെ ജില്ലാതല സംഘാടക സമിതി കൺവീനർ കൂടിയായ ജില്ലാ കളക്ടർ എ ഷിബു, തിരുവല്ല നിയോജകമണ്ഡലം കൺവീനറും സബ്-കളക്ടറുമായ സഫ്‌ന നസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു


