തിരുവല്ല അർബൻ ബാങ്കിൽ ഒളിച്ചു കളി തുടരുന്നു : പണം തിരികെ അടച്ചെന്ന് മുൻ ബ്രാഞ്ച് മാനേജർ : കിട്ടിയിട്ടില്ലെന്ന് ചെയർമാൻ:

Crime Pathanamthitta
Print Friendly, PDF & Email

തിരുവല്ല: സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ചെയർമാനായ സമിതി ഇപ്പോൾ ഭരണം നടത്തുന്ന അർബൻ ബാങ്കിൽ ഒളിച്ചു കളി തുടരുന്നു. ജീവനക്കാരി ബാങ്കിൽ നിന്ന് തട്ടിയെടുത്തതായി പറയുന്ന 4.50 ലക്ഷം രൂപയിൽ 3.75 ലക്ഷം തിരിച്ചടച്ചതായി മുൻ മാനേജർ സി.കെ. പ്രീത പറയുന്നു. എന്നാൽ, പണം കിട്ടിയിട്ടില്ലെന്ന നിലപാടിലാണ് ചെയർമാൻ.

അതേസമയം, അർബൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മുൻ ബ്രാഞ്ച് മാനേജർ സി കെ പ്രീതയുടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുകയാണ്. മതിൽഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകൾ നീന മോഹനും ബാങ്കിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീത മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്. ഹൈക്കോടതി ചൊവ്വാഴ്ച അപേക്ഷ തള്ളി. രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി പ്രീതയോട് നിർദ്ദേശിക്കുകയും ചെയ്തു .

2015 ലാണ് പരാതിക്കാരി വിജയലക്ഷ്മി 3.80 ലക്ഷം രൂപ അർബൻ സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വർഷത്തിനു ശേഷം പലിശ സഹിതം 6.75 ലക്ഷം കിട്ടേണ്ടിയിരുന്നു. കാലാവധി പൂർത്തിയായി നിക്ഷേപം തിരികെ എടുക്കാൻ ചെന്നപ്പോൾ അക്കൗണ്ട് കാലിയായിരുന്നു. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം പോയ വിവരം അറിഞ്ഞത്. തുടർന്ന് വിജയലക്ഷ്മി തിരുവല്ല ഡിവൈ.എസ്.പി ക്ക് പരാതി നൽകി. അടുത്ത ദിവസം സ്‌റ്റേഷനിൽ എത്തിയ പ്രീതയും മറ്റൊരു ജീവനക്കാരിയും തങ്ങളാണ് പണം വ്യാജ ഒപ്പിട്ട് പിൻവലിച്ചതെന്ന് സമ്മതിച്ചു. മൂന്ന് മാസത്തിനകം പണം തിരികെ നൽകാം എന്ന ഉറപ്പിന്മേൽ ഇവർ ചെക്കും പ്രോമിസറി നോട്ടും പരാതിക്കാരിക്ക് നൽകി.

അഞ്ചു മാസങ്ങൾക്ക് ശേഷവും പണം ലഭിക്കാതെ വന്നതോടെയാണ് വിജയ ലക്ഷ്മി സഹകരണ രജിസ്ട്രാറിനും ഹൈക്കോടതിക്കും പരാതി നൽകിയത്. സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടു. ഏഴു ദിവസത്തിനകം പണം തിരികെ നൽകണം എന്ന് ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അതേ സമയം നാലര ലക്ഷം രൂപയാണ് വ്യാജ ഒപ്പിട്ട് മാറിയെടുത്തത് എന്നും ബാക്കി തുക മറ്റൊരു ജീവനക്കാരിയാണ് എടുത്തതെന്നും പ്രീത പറഞ്ഞു. ഇതിൽ മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കിൽ തിരിച്ചടച്ചതായും പ്രീത പറയുന്നു. എന്നാൽ തട്ടിയെടുക്കപ്പെട്ട തുകയിൽ നിന്നും ഒരു രൂപ പോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരായ വിജയലക്ഷ്മിയും മകൾ നീനയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *