കളളയൊപ്പിട്ട് ജീവനക്കാരി തട്ടിയെടുത്ത പണം, തിരികെ നൽകേണ്ട ബാദ്ധ്യത ബാങ്കിനില്ലെന്ന് ചെയർമാൻ !!

Crime Pathanamthitta
Print Friendly, PDF & Email

തിരുവല്ല – സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ചെയർമാനായ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങൾ ജീവനക്കാരിയും മറ്റ് ചിലരും ചേർന്ന് കൈക്കലാക്കിയെന്ന് പരാതി. സഹകരണ സംഘം രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് ബോദ്ധ്യമാവുകയും പണം തിരികെ നൽകാൻ നോട്ടീസ് നൽകുകയും ചെയ്തു. ഇതുവരെ പണം തിരികെ കൊടുത്തില്ല എന്നുമാത്രമല്ല, ജീവനക്കാരിയെ പുറത്താക്കിയതാനെന്നും പണം തിരികെ നൽകേണ്ട ബാദ്ധ്യത ബാങ്കിനില്ലെന്നും ചെയർമാൻ !!.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽകുമാർ ചെയർമാനായ അർബൻ സഹകരണ ബാങ്കിൽ മതിൽഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകൾ നീന മോഹനും 2015 ൽ മൂന്നര ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടിരുന്നു. അഞ്ചു വർഷത്തിനു ശേഷം കഴിഞ്ഞ ഒക്ടോബറിൽ പലിശ സഹിതം ആറര ലക്ഷം കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാൻ ചെന്നപ്പോൾ ആ അക്കൗണ്ട് കാലി. പണം മറ്റാരോ മുൻപേ പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തതായി ആണ് അവർക്ക് അറിയാൻ കഴിഞ്ഞത്. ബാങ്ക് നടത്തിയ പരിശോധനയിൽ ജീവനക്കാരി പ്രീത ഹരിദാസാണ് കള്ളയൊപ്പിട്ട് പണം കൈക്കലാക്കിയത് എന്ന് വ്യക്തമായി. ബാങ്ക് ചെയർമാൻ ആർ സനൽ കുമാറിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പിക്ക് വിജയലക്ഷ്മിയും നീനയും പരാതി നൽകി. ഡിവൈഎസ്പി ഓഫീസിൽ ഹാജരായ പ്രീത ഹരിദാസ് മൂന്ന് മാസത്തിനകം തുക തിരിച്ച് നൽകാം എന്ന ഉറപ്പിൽ ചെക്കും പ്രോമിസറി നോട്ടും നൽകി. ഇവ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി പറയുന്നു.

എന്നാൽ പൊലീസിൽ പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും തുക മടക്കി ലഭിക്കാതെ വന്ന സാഹചര്യത്തിൽ പരാതിക്കാരി സഹകരണ സംഘം രജിസ്ട്രാർക്ക് ഇമെയിൽ പരാതി അയച്ചു. രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോദ്ധ്യമായി. ഏഴു ദിവസത്തിനകം പണം തിരികെ നൽകാൻ നോട്ടീസ് നൽകി. എന്നാൽ ഇതുവരെ നൽകിയില്ല. ഇതിനിടെ വിജയകുമാരി വീണ്ടും സഹകരണ രജിസ്ട്രാർക്ക് പരാതി അയച്ചു. ഏഴ് ദിവസത്തിനകം പണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ നോട്ടീസും സഹകരണ രജിസ്ട്രാർ നൽകി. എന്നാൽ ഇതുവരെയും നിക്ഷേപത്തുക മടക്കി നൽകാൻ ബാങ്ക് തയ്യാറായിട്ടില്ല എന്നതാണ് പരാതിക്കാരി പറയുന്നത്. തുടർന്ന് വിജയലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം പണം തട്ടിയ ജീവനക്കാരിയെ പുറത്താക്കിയെന്നും നഷ്ടമായ പണം നൽകേണ്ട ബാദ്ധ്യത ബാങ്കിനില്ലെന്നുമാണ് ചെയർമാൻ ആർ. സനൽകുമാറിന്റെ വിശദീകരണം. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം ഉള്ള അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരണം എന്നതാണ് പരാതിക്കാരിയുടെ ആവശ്യം.

ബാങ്കുകളുടെ തലപ്പത്തിരിക്കുന്നവർ തന്നെ ഇങ്ങനെ നിക്ഷേപകർക്ക് മുന്നിൽ കൈ മലർത്തിയാൽ പിന്നെ ആരെയാണ് നിക്ഷേപകർ വിശ്വസിക്കേണ്ടത് ? നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടാൽ പോയത് തന്നെ എന്നതാണ് ഇന്നത്തെ സഹകരണ ബാങ്കുകളുടെ അവസ്ഥ. മറിച്ചൊരു വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയുമോ ?

Leave a Reply

Your email address will not be published. Required fields are marked *