പത്തനംതിട്ട: ഓസ്ട്രലിയയിൽ ജോലിചെയ്തിരുന്ന വാഹനാപകടത്തിൽ മരിച്ച നഴ്‌സിന്റെയും പിതാവിന്റെയും അവകാശികൾക്ക് നൽകിയ നഷ്ടപരിഹാരത്തുക കൂടിപ്പോയെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ച ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി. ഹർജി തള്ളിയെന്ന് മാത്രമല്ല, മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ നിശ്ചയിച്ച നാലു കോടി നഷ്ടപരിഹാരം ആറരക്കോടിയാക്കി ഉയർത്തി ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു.
കുളത്തൂപ്പുഴ വട്ടക്കരിക്ക മോളി വില്ലയിൽ ജോൺ തോമസിന്റെ ഭാര്യ ഷിബി (34) , പിതാവ് ഏബ്രഹാം (64) എന്നിവർ ഓമല്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലാണ് വിധി. നാലരക്കോടി രൂപ കൂടുതലാണെന്ന് പറഞ്ഞ് ഇൻഷുറൻസ് കമ്പനി കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരേ ഷിബിയുടെ ഭർത്താവ് ജോൺ തോമസും മക്കളും മാതാവും നൽകിയ ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പത്തനംതിട്ട ചുട്ടിപ്പാറയിലെ കോളജിൽ എം.ബി.എ പരീക്ഷ എഴുതുന്നതിന് വേണ്ടി പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് ഷിബി വരുമ്പോൾ 2013 മേയ ഒമ്പതിനാണ് ഓമല്ലൂരിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഓമല്ലൂർ-പത്തനംതിട്ട റോഡിൽ ഓമല്ലൂർ ഉഴുവത്ത് ക്ഷേത്രത്തിന് സമീപം വച്ച് എതിർദിശയിൽ നിന്നും വന്ന ലോറി ഇടിച്ചായിരുന്നു അപകടം. ഷിബി അപകട സ്ഥലത്തു വച്ചും പിതാവ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേയുമാണ് മരണമടഞ്ഞത്.
2018 സെപ്റ്റംബർ 18 ന് ഷിബി മരിച്ച കേസിൽ നഷ്ടപരിഹാരമായി രണ്ടുകോടി തൊണ്ണൂറ്റി രണ്ടു ലക്ഷത്തി പത്തൊൻപതിനായിരം രൂപയും ഏഴുശതമാനം പലിശയും കോടതി ചെലവായി ഏഴുലക്ഷത്തി പതിനാലായിരത്തി തൊള്ളായിരത്തി ഒൻപത് രൂപയും പിതാവ് മരിച്ച കേസിൽ നാലുലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി എഴുനൂറ്റി ഇരുപത്തിയൊന്നു രൂപയും ഒൻപത് ശതമാനം പലിശയും കോടതി ചെലവായി 26,897 രൂപയും മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധിച്ചിരുന്നു. ഷിബിയുടെ വിദേശവരുമാനം നഷ്ടപരിഹാരത്തിന് കണക്കാക്കരുതെന്നും ഇന്ത്യയിൽ നഴ്‌സുമാർക്ക് ലഭിക്കുന്ന വരുമാനം മാത്രമേ പരിഗണിക്കാവൂ എന്നും ഷിബിയുടെ അപ്പോയ്‌മെന്റ് കരാർ വ്യവസ്ഥയിലായതിനാൽ ഏത് സമയവും ജോലി നഷ്ടപ്പെടാമെന്നുമുള്ള ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളിയാണ് പത്തനംതിട്ട മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ നഷ്ടപരിഹാരം അനുവദിച്ചത്. ഷിബിയുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും സംഭവകാലഘട്ടത്തിൽ ഏഴും രണ്ടും വയസുള്ള കുട്ടികളുടെ സംരക്ഷണവും കണക്കിലെടുത്താണ് നഷ്ടപരിഹാരം അനുവദിച്ചത്.
ഈ വിധിയിൽ അസംതൃപ്തരായ നാഷണൽ ഇൻഷുറൻസ് കമ്പിനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസ് ഫയലിൽ സ്വീകരിച്ച കോടതി കമ്പനിയുടെ ബാധ്യതയുടെ അൻപത് ശതമാനം തുക കെട്ടിവയ്ക്കുന്നതിന് ഉത്തരവിടുകയും ചെയ്തു. ഇൻഷുറൻസ് കമ്പനി ബോധിപ്പിച്ച അപ്പീലിനെതിരെ ഹർജിക്കാർ നഷ്ടപരിഹാരം വർദ്ധിപ്പിക്കാൻ പ്രത്യേക അപ്പീൽ നൽകി. ഷിബി മരിക്കുമ്പോൾ 34 വയസായിരുന്നു പ്രായം. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥ പ്രകാരം മരണപ്പെട്ട ഷിബിയുടെ അവകാശികൾക്ക് 16 വർഷത്തെ വരുമാനം ലഭിക്കുന്നതിന് അവകാശമുണ്ട്. എന്നാൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ 16 വർഷത്തെ വരുമാനം നൽകിയാൽ വിധി തുക ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് വളരെ കൂടുതലാകുമെന്ന് കണ്ടെത്തിയതിനാൽ പകരം 10 വർഷത്തെ വരുമാനം കണക്കാക്കിയാണ് തുക അനുവദിച്ചത്. ഇതിനെതിരെയാണ് പ്രധാനമായും ഹർജിക്കാർ അപ്പീൽ ഫയൽ ചെയ്തത്.
ഹൈക്കോടതി രണ്ട് അപ്പീലുകളും ഒന്നിച്ച് വാദം കേട്ടു. ഇൻഷുറൻസ് കമ്പിനിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ട്രൈബ്യൂണലിൽ ഉന്നയിച്ച എല്ലാ തർക്കങ്ങളും കേട്ട ശേഷം അപ്പീൽ തള്ളി. 16 വർഷത്തെ നഷ്ടപരിഹാരത്തുക കൂടുതലാകുമെന്ന് കണ്ടെത്തി പത്തനംതിട്ട മോട്ടോർ ആക്‌സിഡന്റ് ട്രൈബ്യൂണൽ 10 വർഷമാക്കി കുറച്ചത് സുപ്രീം കോടതി വിധിന്യായത്തിനും മോട്ടോർ വാഹന നിയമത്തിനും എതിരാണെന്ന് കണ്ടെത്തി അപ്പീലിൽ 16 വർഷത്തെ നഷ്ടപരിഹാരം ഓസ്‌ട്രേലിയൻ ശമ്പളം തന്നെ കണക്കാക്കി 73 ലക്ഷത്തി അറുപത്തെണ്ണായിരത്തി നാനൂറ്റിഏഴ് രൂപയും ഹർജി തീയതി മുതൽ ഏഴു ശതമാനം പലിശയും ജസ്റ്റിസ് ജോൺസൺ ജോണിന്റെ ബഞ്ച് കൂടുതലായി അനുവദിക്കുകയുമായിരുന്നു. കൂടാതെ ഹർജി കക്ഷികളുടെ കോടതി ചെലവ് ഇൻഷുറൻസ് കമ്പനിയിൽനിന്നും ഈടാക്കി എടുക്കാൻ പ്രത്യേക ഉത്തരവുംനൽകി. മൊത്തം നഷ്ടപരിഹാരമായി ആറരക്കോടിയിൽപരം രൂപ ഹർജി കക്ഷികൾക്ക് ലഭിക്കും. മോട്ടോർ വാഹന അപകടകേസുകളിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിധികളിലൊന്നാണ് ഇത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. മാത്യൂ ജോർജ്, അഡ്വ. എ.എൻ. സന്തോഷ് എന്നിവർ ഹാജരായി.


